പോളയും പായലും നിറഞ്ഞ് പെണ്ണാർതോട്

* തോട് ശുചിയാക്കാൻ നടപടിയില്ല
അതിരമ്പുഴ: പെണ്ണാർതോട്ടിൽ പോളയും പായലും നിറഞ്ഞു. തോട്ടിലെ ഒഴുക്ക് നിലച്ചു. കാലവർഷത്തിനു മുമ്പു നടത്തേണ്ട പോളവാരലും തോട് ശുചീകരണവും ഇത്തവണ ഉണ്ടായില്ല.
അതിരമ്പുഴയിൽ നിന്ന് ഉത്ഭവിച്ച് അതിരമ്പുഴ, ആർപ്പൂക്കര, നീണ്ടൂർ, അയ്മനം പഞ്ചായത്ത് പരിധികളിലൂടെ ഒഴുകി വേമ്പനാട് കായലിൽ പതിക്കുന്ന പെണ്ണാർതോട്ടിൽ പോള ശല്ല്യം ഏറ്റവും രൂക്ഷമായിരിക്കുന്നത് അതിരമ്പുഴ പഞ്ചായത്ത് പരിധിയിലാണ്. മറ്റ് പഞ്ചായത്ത് പരിധികളിൽ മുമ്പേ തന്നെ പോളയും പായലും നീക്കം ചെയ്ത് തോട് ശുചീകരിച്ചിരുന്നു. എന്നാൽ അതിരമ്പുഴ പഞ്ചായത്തിൽ പെറ്റി വർക്കിലൂടെ പേരിനുള്ള പോളവാരൽ മാത്രമാണ് നടന്നത്.
ഇപ്പോൾ ചന്തക്കുളത്തിന് സമീപം മുതൽ തന്നെ പോളയും പായലും മറ്റും വളർന്ന് പടർന്നു നിൽക്കുകയാണ്. തോടിൻ്റെ അടിത്തട്ടിൽ നിന്നും വേര് ഉൾപ്പെടെ നീക്കം ചെയ്യാതെ ഒഴുക്ക് സുഗമമാകില്ല. തോട്ടിലാകെ പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞിരിക്കുന്നു.
മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ കനാലിൽ നിന്നുള്ള വെള്ളം ചന്തക്കുളത്തിലേക്ക് എത്തുന്നതിനാൽ കായലിലേക്ക് ഒഴുക്ക് ഉണ്ടാകേണ്ടതാണ്. എന്നാൽ പോളയും പായലും ഈ ഒഴുക്കിനെ തടയുകയാണ്. ഒഴുക്ക് നിലച്ചതോടെ തോട്ടിലെ ജലവിതാനം ഉയരുകയാണ്. മഴ കനക്കുന്നതോടെ തോട് കവിഞ്ഞ് വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.
പായലും പോളയും അഴുകി വെള്ളം മലിനമായിരിക്കുന്നു. അതിരമ്പുഴയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾ കുളിക്കാനും ഇതര ആവശ്യങ്ങൾക്കും മുമ്പ് പെണ്ണാർതോടിനെയാണ് ആശ്രയിച്ചിരുന്നത്. തോട്ടിലെ വെള്ളം മലിനമായതോടെ അതും സാധിക്കുന്നില്ല.
ഒരു പ്രദേശത്തിൻ്റെയാകെ ജലസ്രോതസായ പെണ്ണാർതോടിനെ ശുചീകരിക്കാൻ അടിയന്തരമായി അതിരമ്പുഴ പഞ്ചായത്ത് അധികൃതർ ഇടപെടണം.

Be the first to comment

Leave a Reply

Your email address will not be published.


*