വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം

ഏറ്റുമാനൂര്‍ സബ് സ്‌റ്റേഷനുകള്‍
പൂര്‍ത്തീകരണത്തിലേക്ക്
ഏറ്റുമാനൂര്‍: ഗാന്ധിനഗര്‍, പാലാ, ഏറ്റുമാനൂര്‍ മേഖലകളിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന 110 കെ.വി, 220 കെ.വി. സബ് സ്‌റ്റേഷനുകള്‍ പൂര്‍ത്തീകരണത്തിലേക്ക്.
ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന
66 കെവി സബ് സ്റ്റേഷൻ നവീകരിച്ച് ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ 220 കെവിജിഐഎസ്
സബ് സ്റ്റേഷനാക്കി ഉയർത്തുന്നതോടെ മൂന്ന് മേഖലകളിലെയും വൈദ്യുതി വിതരണം സുഗമമാകുമെന്നാണ് വൈദ്യുതി ബോർഡ് വിലയിരുത്തുന്നത്.
 സബ് സ്റ്റേഷനും അനുബന്ധ പ്രസരണ ലൈനും നിലവിൽ വരുന്നതോടെ ഏറ്റുമാനൂർ സബ് സ്റ്റേഷന്റ സ്ഥാപിത ശേഷി ഉയരുന്നതിനൊപ്പം നിലവിൽ വൈക്കം, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ, കോട്ടയം എന്നി സബ് സ്റ്റേഷനുകളിലേയ്ക്ക്
വ്യത്യസ്ത സ്ത്രോതസുകളിൽ നിന്ന് 110 – കെ വി . വോൾട്ടേജിൽ വൈദ്യുതി എത്തിക്കാൻ സാധിക്കും. ഗുണഭോക്താക്കൾക്ക് ഇടതടവില്ലാതെ മെച്ചപ്പെട്ട വോൾട്ടേജിൽ വൈദുതി ലഭ്യമാകും. കോട്ടയം ജില്ലയിലെ ഇത്തരത്തിലുള്ള രണ്ടാമത്തെ സബ് സ്റ്റേഷനാണ് ഏറ്റുമാനൂരിലേത്.
നിലവിലുള്ള 66 കെവി സബ് സ്‌റ്റേഷന്‍ അപര്യാപ്തമായതിനാലാണ് പുതിയ സബ് സ്‌റ്റേഷനുകള്‍ പണിയുന്നത്. വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കാനും വോള്‍ട്ടേജ് വര്‍ധിപ്പിക്കാനും പുതിയ സബ് സ്‌റ്റേഷനുകള്‍ വഴിയൊരുക്കും.
ദശാബ്ദങ്ങള്‍ക്കു മുന്‍പു കമ്മിഷന്‍ ചെയ്ത പള്ളിവാസല്‍ പദ്ധതിയില്‍ നിന്നു  പളത്ത് എത്തിച്ചു വിവിധ ജില്ലകളിലേക്കു വിതരണം ചെയ്യുന്ന വൈദ്യുതി സംവിധാനമാണ് നവീകരിക്കുന്നത്.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ നിലവിലുള്ള 66 കെവി വൈദ്യുത വിതരണ സംവിധാനം 110 കെവി, 220 കെവി എന്നിങ്ങനെ ഉയരും.
കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി കടന്നു പോകുന്ന തിരുനെല്‍വേലി  ഇടമണ്‍  കൊച്ചി ലൈനുമായി സബ് സ്‌റ്റേഷനെ ബന്ധിപ്പിക്കും. കുറവിലങ്ങാട് നിര്‍മിക്കുന്ന 400 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്‌റ്റേഷനുമായി ബന്ധപ്പെടുത്തിയാകും പുതിയ ക്രമീകരണം.
പതിമൂന്നു  കോടി രൂപയായിരുന്നു കിഫ്ബി മുഖേനയുള്ള  പദ്ധതിയ്ക്കായി  ആദ്യം കണക്കാക്കിയിരുന്ന നിര്‍മാണ ചെലവ്. പിന്നീട് ഇത് പുതുക്കുകുകയായിരുന്നു. ഏറ്റുമാനൂരിനും സമീപ പ്രദേശത്തിനും മാത്രമായി സബ് സ്‌റ്റേഷനില്‍ നിലവില്‍ 10 എംവിഎ ശേഷിയുള്ള രണ്ട് ട്രാന്‍സ്‌ഫോമറുകളാണുള്ളത്. ഇത് മാറ്റി പകരം 20 എംവിഎ ശേഷിയുള്ളവ സ്ഥാപിക്കും. 110 കെവിയുടെ അറ ഫീഡറുകളിലൂടെയാകും വൈദ്യുതി വിതരണം. കൂടാതെ പൂര്‍ത്തിയാകുന്ന 110 ഫീഡറില്‍ നിന്നു പാലാ മേഖലയിലേക്കും വൈദ്യുതി ലഭിക്കും. 220 കെവിജിഐഎസ്  സബ് സ്റ്റേഷനാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവ്വഹിക്കും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ജി.ശ്രീകുമാർ , സംഘാടക സമിതി ചെയർമാൻ ഇ. എസ്. ബിജു,
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ എം.സജു , പി.ആർ.സിന്ധു , അസി.എഞ്ചിനീയർ വി. അനിൽ രാജ് എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*