ബ്രഹ്മപുരത്തെ തീയണയ്ക്കാൻ ചിലവായത് 1.14 കോടി രൂപ; കോർപ്പറേഷന് ചിലവായത് 90 ലക്ഷം

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാൻ ആകെ ചിലവായത് 1,14,00,000 രൂപ. ഇതിൽ കൊച്ചി കോർപ്പറേഷന് ചെലവായത് 90 ലക്ഷം രൂപ. കൂടാതെ മെഡിക്കൽ ക്യാമ്പുകൾ ഉൾ​പ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 24 ലക്ഷം രൂപയും ​ചെലവായി. എറണാകുളം കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ചെലവഴിച്ച തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് തീ അണയ്ക്കാൻ മേൽനോട്ടം വഹിച്ച ജില്ലാ ഭരണകൂടം സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

മണ്ണുമാന്തിയന്ത്രങ്ങൾ, ഫ്ളോട്ടിങ് മെഷീനുകൾ, മോട്ടോർ പമ്പുകൾ, ലൈറ്റുകൾ എന്നിവയുടെ വാടക, ഇവ സ്ഥലത്ത് എത്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനുള്ള ഇന്ധനച്ചെലവുകൾ, ഓപ്പറേറ്റർമാരുടെ കൂലി, മണ്ണ് പരിശോധന, താത്കാലിക വിശ്രമകേന്ദ്രങ്ങളുടെ നിർമാണം, ബയോ ടോയ്‌ലറ്റുകൾ, ഭക്ഷണം എന്നീ ചെലവുകളാണ് കോർപ്പറേഷൻ വഹിച്ചത്. ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റി പ്രോഗ്രാം മാനേജർ 11 ലക്ഷം രൂപയുടെയും ജില്ലാ മെഡിക്കൽ ഓഫീസർ 13 ലക്ഷം രൂപയുടെയും ബില്ലുകളാണ് സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്.

അഗ്നിരക്ഷാ ദൗത്യത്തിലേർപ്പെട്ട ഉദ്യോഗസ്ഥർക്കായി കാക്കനാട് തയ്യാറാക്കിയ മെഡിക്കൽ ക്യാമ്പിലേക്ക് വേണ്ട ഉപകരണങ്ങൾ വാങ്ങുന്നതിനും ഡോക്ടർമാരുടെ താമസസൗകര്യം ഒരുക്കുന്നതിനുമായിരുന്നു 11 ലക്ഷം രൂപ ചിലവായത്. മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടിയാണ് 13 ലക്ഷം രൂപ ചെലവഴിച്ചത്. മാർച്ച് രണ്ടിന് വൈകിട്ട് ആണ് ബ്രഹ്മപുരത്ത് തീപിടിച്ചത്. 12 ദിവസം എടുത്താണ് തീ അണച്ചത്. ഈ വർഷം മൂന്നാം തവണയാണ് മാലിന്യപ്ലാന്റിൽ തീപ്പിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് ഏകദേശം 12,800 മുതൽ 13,000 ടൺ വരെ ചാരമുണ്ടായിട്ടുണ്ടാകാമെന്നാണ് പഠന റിപ്പോർട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*