കേരളത്തില്‍ അവധി ആസ്വദിക്കാനെത്തിയപ്പോള്‍ നഷ്ടമായ കര്‍ണാടക സ്വദേശിനിയുടെ ഒന്നരലക്ഷം വിലയുള്ള ഐഫോണ്‍ തിരികെ ലഭിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. കേരള പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് വര്‍ക്കല ബീച്ചിലെ വലിയ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ഫോണ്‍ കണ്ടെത്തി ഉടമസ്ഥയെ തിരികെ ഏല്‍പ്പിച്ചത്. മേയ് 25ന് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
വര്‍ക്കലയിലെ ആന്റിലിയ ചാലറ്റ്‌സ് റിസോര്‍ട്ടിലാണ് കര്‍ണാടക സ്വദേശിനിയും സംഘവും താമസിച്ചിരുന്നത്. ഇതിനു സമീപമുള്ള വലിയ പാറക്കെട്ടുകളില്‍ നിന്ന് കടല്‍ ആസ്വദിക്കുന്നതിനിടെയാണ് ഐഫോണ്‍ പാറക്കെട്ടുകള്‍ക്കിടയിലേക്ക് വീണത്. യുവതിയും സംഘവും മണിക്കൂറുകളോളം ശ്രമിച്ചിട്ടും ഫോണ്‍ കണ്ടെത്താനായില്ല. തുടര്‍ന്നാണ് റിസോര്‍ട്ട് ജീവനക്കാര്‍ പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും സഹായം തേടിയത്.
View this post on Instagram
കനത്ത തിരമാലകളായതിനാല്‍ ഏറെ പ്രയാസപ്പെട്ട് മണിക്കൂറുകളോളം പോലീസും ഫയര്‍ഫോഴസും ശ്രമം നടത്തി. വലിയ പാറകളായതിനാല്‍ കയറുകള്‍ ഉപയോഗിച്ചായിരുന്നു ഫോണ്‍ കണ്ടെത്താനുള്ള പരിശ്രമം. ഒടുവില്‍ ഏഴുമണിക്കൂറുകള്‍ക്കു ശേഷമാണ് ഫോണ്‍ കണ്ടെത്താനായത്.
റിസോര്‍ട്ടിന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ പങ്കിട്ട വീഡിയോയ്ക്ക് മണിക്കൂറുകള്‍ക്കം മില്യണ്‍ വ്യൂസ് ലഭിച്ചു. ‘ഇന്നലത്തെ അപകടത്തിന്റെ ഭാഗമാണ് ഈ വീഡിയോ. ഞങ്ങളുടെ റിസോര്‍ട്ടില്‍ താമസിച്ചിരുന്ന കര്‍ണാടക യുവതിയുടെ 15,0000 വിലയുള്ള ഐഫോണ്‍ കടല്‍ത്തീരത്തെ കൂറ്റന്‍ പാറകള്‍ക്കിടയില്‍ വീണു. എത്ര ശ്രമിച്ചിട്ടും ഒന്നും വീണ്ടെടുക്കാനായില്ല. കാറ്റിനും മഴയ്ക്കും ഒപ്പം ശക്തമായ തിരമാലകളും സാഹചര്യം വെല്ലുവിളി നിറഞ്ഞതാക്കി. മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂവും റിസോര്‍ട്ട് ജീവനക്കാരും ഏഴു മണിക്കൂര്‍ പരിശ്രമിച്ചു. ഇതിന് സഹായിച്ചതിന് സുഹൈലിനും കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിനും ആന്റിലിയ ചാലറ്റ് നന്ദി പറയുന്നു- ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
വീണ്ടെടുത്ത ഫോണ്‍ ഉടമസ്ഥയായ യുവതിക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കൈമാറുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
Be the first to comment