ദിവസവും 10 മിനുറ്റ് നടക്കുന്നത് ഹൃദയത്തിന്‌റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പഠനം. ചെറിയ സമയത്തേക്കുള്ള ശാരീരിക അധ്വാനം കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുമെന്നും ശരീരത്തിന്‌റെ മുഴുവന്‍ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പഠനം പറയുന്നു.
10 മിനുറ്റ് ദിവസവും നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങള്‍ അറിയാം
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നതനുസരിച്ച് ചെറിയ സമയത്തേക്കുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. മോഡറേറ്റ് ഇന്‌റന്‍സിറ്റി വ്യായാമങ്ങള്‍ കാര്‍ഡിയോവാസ്‌കുലാര്‍ രോഗസാധ്യത 14 ശതമാനം വരെ കുറയ്ക്കുമെന്ന് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. എല്ലുകളും മസിലുകളും ശക്തമാക്കാനും ശരീരഭാരം നിലനിര്‍ത്താനും പത്ത് മിനുറ്റ് നടത്തം സഹായിക്കും. പ്രായമാകുമ്പോള്‍ ഒസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങള്‍ പ്രതിരോധിക്കാനും പൊതുവായ ചലനശേഷി മെച്ചപ്പെടുത്താനും ഈ നടത്തം പ്രയോജനപ്പെടും.
നടത്തം ആരംഭിക്കുന്നതിനു മുന്‍പ് മസിലുകള്‍ക്ക് ഒരു വാം അപ് നല്‍കേണ്ടതുണ്ട്. സാധാരണമായ സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ രണ്ട് മിനുറ്റ് ചെയ്യാം. കാവ്‌സ്, ഹാംസ്ട്രിങ്‌സ്, ക്വാഡ്രൈസെപ്‌സ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ ഒരു മിനുറ്റിനു ശേഷം സാവധാനത്തില്‍ നടന്നുതുടങ്ങാം. ഈ തയ്യാറെടുപ്പ് പരിക്കിന്‌റെ സാധ്യത കുറയ്ക്കുകയും നടത്തം കാര്യക്ഷമമാക്കുകയും ചെയ്യും.
വാംഅപ് ചെയ്യുമ്പോള്‍ പോസ്ചര്‍ ശ്രദ്ധിക്കണം. നല്ല പോസ്ചര്‍ ആയാസം തടയുക മാത്രമല്ല നടത്തത്തിന്‌റെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യും.
അടുത്ത ആറ് മിനുറ്റ് വേഗത്തില്‍ നടക്കുക. ഒരു സംഭാഷണം നടത്തുന്നതിന് ബുദ്ധുമുട്ടുള്ള വേഗത പിന്തുടരുക. ഈ തീവ്രത ഹൃദമിടിപ്പ് ഉയര്‍ത്താന്‍ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഹൃദയത്തിന്‌റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ഹൃദ്രോഗത്തെ പ്രതിരോധിക്കാനും ഏറ്റവും മികച്ച വ്യായാമം നടത്തം ആണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഊര്‍ജസ്വലമായ വേഗത നിലനിര്‍ത്താന്‍ ദൈര്‍ഘ്യമേറിയ ചുവടുകളെക്കാള്‍ വേഗത്തിലുള്ള ചുവടുകള്‍ക്ക് പ്രാധാന്യം നല്‍കുക. കൈകള്‍ 90 ഡിഗ്രി കോണില്‍ വളച്ച് ഓരോ ചുവടിലും സ്വാഭാവികമായ ചലനം നല്‍കാം. ഇത് നടത്തത്തിന്‌റെ വേഗത കൂട്ടാന്‍ ഉപകരിക്കും.
ആം സര്‍ക്കിള്‍സ്, ഹൈ നീസ് പോലുള്ള വ്യായാമങ്ങള്‍ ഗുണം കൂടുതല്‍ ലഭിക്കാന്‍ ചെയ്യാം.അവസാന മിനുറ്റില്‍ നടത്തത്തിന്‌റെ വേഗത കുറച്ച് ഹൃദയമിടിപ്പ് സാധാരണ നിലയിലേക്ക് എത്തിക്കാം. തുടര്‍ന്ന് രണ്ട് മിനുറ്റ് സ്‌ട്രെച്ചിങ് വ്യായാമങ്ങള്‍ ചെയ്യാം.
Be the first to comment