
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ നിന്ന് അലിഗഡിലേക്ക് 100 കിലോമീറ്റർ എക്സ്പ്രസ് ഹൈവേ നിർമാണം പൂർത്തിയാക്കിയത് 100 മണിക്കൂറിനുള്ളിൽ. രാജ്യത്തെ റോഡ് വികസന ചരിത്രത്തിൽ പിറന്ന പുതിയ റെക്കോഡ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണു പങ്കുവച്ചത്. നേട്ടം സ്വന്തമാക്കാൻ സഹകരിച്ച ക്യൂബ് ഹൈവേയ്സ്, ലാർസൻ ആൻഡ് ടുബ്രോ, ഗാസിയാബാദ്- അലിഗഡ് എക്സ്പ്രസ് വേ ലിമിറ്റഡ് എന്നിവർക്ക് ഗഡ്കരി നന്ദി പറഞ്ഞു.
എൻഎച്ച് 34ന്റെ ഭാഗമാണു ഗാസിയാബാദ്- അലിഗഡ് 118 കിലോമീറ്റർ എക്സ്പ്രസ് വേ. ബിറ്റുമിൻ- കോൺക്രീറ്റ് ഉപയോഗിച്ചാണു നിർമാണം. യുപിയിലെ ദാദ്രി, ഗൗതമ ബുദ്ധ നഗർ, സിക്കന്ദരാബാദ്, ബുലന്ദ് ശഹർ, ഖുർജ നഗരങ്ങളിലൂടെ കടന്നുപോകുന്ന പാത ഉത്തരേന്ത്യയിലെ വ്യാപാരത്തിന്റെ ജീവനാഡിയാണ്. 20 ലക്ഷം ചതുരശ്ര അടി റോഡാണ് നിർമിച്ചതെന്നും പുതിയ സാമഗ്രികളുടെ ഉപയോഗം പത്തു ശതമാനം കുറച്ചെന്നും ഗഡ്കരി അറിയിച്ചു. അതിവേഗം നിർമാണം പൂർത്തിയാക്കിയതിലൂടെ ഇന്ധനഉപയോഗവും കുറയ്ക്കാനായി. ഓരോ യാത്രക്കാരനും കൂടുതൽ സൗകര്യമുറപ്പാക്കുന്നതിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പ്രതിബദ്ധതയെന്നും നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെയാണ് റോഡുകൾ നിർമിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.
Be the first to comment