കേരളത്തിലെ നഴ്സിങ് പഠനത്തിന് നൂറുവയസ്സ്‌

കൊച്ചി:  കേരളത്തിൽ നഴ്‌സിങ് പഠനം തുടങ്ങിയിട്ട് നൂറുവയസ്സ്‌ തികയുന്നു. ശതാബ്ദി ആഘോഷങ്ങൾക്ക് തയ്യാറെടുക്കുകയാണ് 1924ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരളത്തിലെ ആദ്യ നഴ്സിങ് സ്കൂളായ എറണാകുളം ​ഗവ. നഴ്സിങ് സ്കൂള്‍. ‘ശതസ്‌മൃതി 2024’ എന്ന പേരില്‍ ജനുവരി രണ്ടിന് സംഘടിപ്പിക്കുന്ന ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യും. 

1922ല്‍ ഇറ്റലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന “സിസ്‌റ്റേഴ്‌സ്‌ ഓഫ് ചാരിറ്റി സന്ന്യാസി സമൂഹ’ത്തിലെ സിസ്റ്റർമാരായ ഗബ്രിയേൽ, എർമിനിയ, പിയറിന, ടയോറിസിസ്‌ എന്നിവര്‍ കേരളത്തിലെത്തിയതോടെയാണ് ഇവിടെ നഴ്സിങ് പഠനം ആരംഭിച്ചത്. 1845ൽ സ്ഥാപിച്ച എറണാകുളം ജനറൽ ആശുപത്രിയിൽ 1920ല്‍പ്പോലും പരിശീലനം ലഭിച്ച നഴ്സുമാര്‍ ഉണ്ടായിരുന്നില്ല. ആതുരസേവനരം​ഗത്ത് പരിശീലനം നേടിയ നഴ്സുമാരെ ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവരണമെന്ന് കൊച്ചി രാജാവ് രാമവർമ വരാപ്പുഴ അതിരൂപതയിലേക്ക് കത്തയച്ചു. അന്ന് റോമിൽ പഠിച്ചിരുന്ന വരാപ്പുഴ ആർച്ച്‌ ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെയടക്കം അഭ്യർഥനപ്രകാരമാണ് സിസ്റ്റർമാർ എറണാകുളത്തേക്ക് വന്നത്. താമസസൗകര്യവും ആരാധനാമുറിയും വിളക്കുതെളിക്കാനുള്ള എണ്ണയും മാത്രമാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ആതുരസേവനത്തോട് താല്‍പ്പര്യമുള്ളവര്‍ക്ക് അവർ പരശീലനം നൽകി. രണ്ടുവർഷം കഴിഞ്ഞ് 1924ൽ ഗവ. നഴ്സിങ് സ്കൂൾ ഔദ്യോഗികമായി ആരംഭിച്ചു. 1927ൽ ആണ് സിലബസ് നിലവിൽ വന്നത്. 22 വർഷത്തോളം സിസ്റ്റർമാര്‍ സേവനം തുടർന്നു. ലൂർദ് ആശുപത്രി സ്ഥാപിച്ചപ്പോൾ സേവനം അവിടേക്ക് മാറ്റി. 

ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അംഗീകാരത്തോടെ 1957ൽ എറണാകുളം ​ഗവ. നഴ്സിങ് സ്കൂളില്‍നിന്ന് ആദ്യ ബാച്ച് പുറത്തിറങ്ങി.1978 മുതൽ ജില്ലാ മെഡിക്കൽ ഓഫീസർ നേരിട്ടാണ് അഡ്മിഷൻ നടത്തുന്നത്. ഒരു കെട്ടിടത്തില്‍ ആരംഭിച്ച എറണാകുളം ​ഗവ. നേഴ്സിങ് സ്കൂള്‍ ഇന്ന് രണ്ട് കെട്ടിടങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിൽനിന്നുള്ളവർക്ക് മാത്രമാണ് പ്രവേശനം. ജനറൽ നഴ്സിങ്ങിന്റെ മൂന്നുവർഷം കാലാവധിയുള്ള കോഴ്സാണ്‌ ഇവിടെയുള്ളത്. 32 സീറ്റായിരുന്നത് 2023 ഒക്‌ടോബറിൽ 40 സീറ്റാക്കി. ഇതിൽ ആറുസീറ്റ് ആൺകുട്ടികൾക്കും ഒരോ സീറ്റുവീതം ആൻഡമാൻ, ലക്ഷദ്വീപ് സ്വദേശികൾക്കുമുണ്ട്. ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് പ്രിന്‍സിപ്പൽ പി സി ഗീത പറഞ്ഞു.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*