പൂനെ: ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി യശസ്വി ജയ്‌സ് വാള്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലാണ് ജയ്‌സ് വാളിന്റെ നേട്ടം. 1979ല്‍ 23ാം വയസില്‍ ആയിരം റണ്‍സ് തികച്ച ദിലീപ് വെങ്‌സര്‍ക്കാരിന്റെ പേരിലുള്ള റെക്കോര്‍ഡാണ് 22 കാരന്‍ പഴങ്കഥയാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 30 റണ്‍സ് നേടി ജയ്‌സ് വാള്‍ പുറത്തായി.
2024ല്‍ ആയിരം റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് ജയ്‌സ്വാള്‍. ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. ഈ വര്‍ഷം 14 ടെസ്റ്റ് മത്സരത്തില്‍ നിന്നും 59.31 ശരാശരിയില്‍ 1305 റണ്‍സാണ് റൂട്ട് നേടിയത്. 10 മത്സരത്തില്‍ നിന്നായി 59.23 ശരാശരിയില്‍ 1007 റണ്‍സാണ് യശസ്വി ഈ വര്‍ഷം അടിച്ചുക്കൂട്ടിയത്. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.
ഈ വര്‍ഷം ഇനി മൂന്ന് ടെസ്റ്റ് മത്സരം കൂടി അവശേഷിക്കുമ്പോള്‍ ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ യശ്വസിക്ക് അവസരമുണ്ട്. 2010ല്‍ 14 മത്സരത്തില്‍ നിന്നും 1562 റണ്‍സ് നേട്ടവുമായി സച്ചിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്.
Be the first to comment