നഴ്‌സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: ഈ സര്‍ക്കാരിന്‍റെ കാലത്ത് നഴ്സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നഴ്സിംഗ് മേഖലയിലെ വലിയ സാദ്ധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബിഎസ് സി നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്.

2021-ല്‍ 7422 ബിഎസ്സി നഴ്സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചു. ജനറല്‍ നഴ്സിംഗിന് 100 സീറ്റുകളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം 8 നഴ്സിംഗ് കോളെജുകള്‍ സ്ഥാപിച്ചു. പുതുതായി ആരംഭിച്ച നഴ്‌സിംഗ് കോളെജുകള്‍ക്കായി തസ്തികകളും സൃഷ്ടിച്ചു. തിരുവനന്തപുരത്തും, ആലപ്പുഴയിലും എംഎസ് സി മെന്‍റല്‍ ഹെല്‍ത്ത് നഴ്സിംഗ് കോഴ്സ് ആരംഭിച്ചു. ട്രാന്‍സ്ജെന്‍റര്‍ വ്യക്തികള്‍ക്ക് നഴ്സിംഗ് മേഖലയില്‍ സംവരണം അനുവദിച്ചതായും മന്ത്രി പറഞ്ഞു.

നമ്മുടെ നഴ്സുമാരുടെ സേവന സന്നദ്ധതയും കഴിവും പ്രാഗത്ഭ്യവും മൂലം ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. അത് മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്‍റെ ഫലമായി വിദേശങ്ങളില്‍ വലിയ അവസരങ്ങളാണ് ലഭ്യമായത്.

Be the first to comment

Leave a Reply

Your email address will not be published.


*