അധ്യാപകൻ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ച പിഴവില്‍ പത്താംക്ലാസ് വിദ്യാർത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായി

കണ്ണൂര്‍: കണ്ണൂരിൽ മൂല്യനിർണയം നടത്തിയ അധ്യാപകൻ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ച പിഴവില്‍ പത്താംക്ലാസ് വിദ്യാർത്ഥിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായി. കണ്ണൂർ കടന്നപ്പളളി സ്കൂളിലെ ധ്യാൻ കൃഷ്ണയുടെ ജീവശാസ്ത്രം ഉത്തരക്കടലാസിന്‍റെ മൂല്യനിര്‍ണയത്തിലാണ് ഗുരുതര പിഴവ് സംഭിച്ചത്. 40ൽ 40 കിട്ടേണ്ട ഉത്തരക്കടലാസിന്‍റെ പുനർമൂല്യ നിർണയത്തിലാണ് അബദ്ധം കണ്ടെത്തിയത്. സ്കോർ ഷീറ്റിൽ 23ഉം 17ഉം കൂട്ടി 40 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം 30 എന്നാണ് അധ്യാപകൻ തെറ്റായി രേഖപ്പെടുത്തിയത്. ഇതോടെ ഒരു വിഷയത്തില്‍ എ പ്ലസ് നഷ്ടമായതോടെ മുഴുവൻ വിഷയങ്ങളിലും ഫുള്‍ എ പ്ലസ് എന്ന നേട്ടവും പരീക്ഷ ഫലം വന്ന സമയത്ത് ധ്യാൻ കൃഷ്ണയ്ക്ക് നഷ്ടമായി.

പത്താം ക്ലാസ് പരീക്ഷാ ഫലം വന്നപ്പോള്‍ ധ്യാൻ കൃഷ്ണയ്ക്ക് ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസും  ജീവിശാസ്ത്രത്തില്‍ എ ഗ്രേഡുമാണ് ലഭിച്ചത്. ജീവശാസ്ത്രത്തിൽ എ പ്ലസിൽ കുറഞ്ഞ ഗ്രേഡ് ധ്യാൻ പ്രതീക്ഷിച്ചതല്ല. എളുപ്പമായിരുന്ന ജീവശാസ്ത്ര പരീക്ഷയില്‍ എ പ്ലസ് ലഭിക്കുമെന്ന് തന്നെ ധ്യാൻ ഉറപ്പിച്ചിരുന്നു. എന്നാല്‍, ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് മാത്രം എ ആയി. ഇതോടെ എ പ്ലസ് ലഭിച്ച ജീവശാസ്ത്രത്തിന്‍റെ ഉത്തരക്കടലാസ് പുനർ മൂല്യനിർണയം ചെയ്യുന്നതിന് അപേക്ഷിച്ചു. ഇതോടൊപ്പം ജീവശാസ്ത്രത്തിന്‍റെ ഉത്തരക്കടലാസ് ലഭിക്കാനുള്ള അപേക്ഷയും നല്‍കി. രണ്ടിനും കൂടി 600 രൂപയാണ് ചെലവായത്.

പുനര്‍ മൂല്യനിര്‍ണയത്തിന്‍റെ ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് ലഭിച്ച എ ഗ്രേഡ് എ പ്ലസായി തിരുത്തി. ഉത്തരക്കടലാസ് കയ്യില്‍ കിട്ടിയപ്പോഴാണ് ആദ്യ മൂല്യനിര്‍ണയത്തില്‍ എ പ്ലസ് എ ആയി മാറിപ്പോയതിന്‍റെ കാരണം വ്യക്തമായത്. ഉത്തരക്കടലാസിന്‍റെ സ്കോര്‍ ഷീറ്റില്‍ മാര്‍ക്ക് കൂട്ടിയെഴുതിയപ്പോള്‍ അധ്യാപകന് തെറ്റുപറ്റുകയായിരുന്നുവെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമായെന്ന് ധ്യാനിന്‍റെ അമ്മ പ്രിയ പറഞ്ഞു.  23ഉം 17ഉം കൂട്ടിയാല്‍ 40 എന്ന് രേഖപ്പെടുത്തേണ്ടതിന് പകരം മൂല്യനിര്‍ണയം നടത്തിയ അധ്യാപകൻ 30 എന്നാണ് തെറ്റായി രേഖപ്പെടുത്തിയത്.

ഇതോടെയാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച സമയത്ത് ധ്യാൻ കൃഷ്ണയ്ക്ക് ഫുള്‍ മാര്‍ക്കും ഫുള്‍ എ പ്ലസും നഷ്ടമായത്. മൂല്യനിർണയം നടത്തുന്ന അധ്യാപകനെ കൂടാതെ ഒരു അസിസ്റ്റന്‍റ് ചീഫ് എക്സാമിനറും ഉത്തരക്കടലാസ് പരിശോധിക്കാറുണ്ട്. അസി.ചീഫ് എക്സാമിനറുടെ പരിശോധനയിലും ഈ ഗുരുതര പിഴവ് കണ്ടെത്തിയില്ല. സംഭവത്തില്‍ പരാതിയെത്തിയാൽ അന്വേഷണം നടത്തി അധ്യാപകനെതിരെ നടപടി വന്നേക്കും. എന്തായാലും നഷ്ടമായ എ പ്ലസ് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണിപ്പോള്‍ വിദ്യാര്‍ത്ഥിയും കുടുംബവും.

Be the first to comment

Leave a Reply

Your email address will not be published.


*