
ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.
ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.
ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.
എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.
ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Be the first to comment