12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റ് വരെ ലഭിച്ചേക്കുമെന്ന് സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പില്‍ ഇത്തവണ മികച്ച പ്രകടനം ഇടതുമുന്നണി കാഴ്ചവെക്കും. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്ന പ്രചാരണം മറികടക്കാനായെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 10 മുതല്‍ 12 സീറ്റു വരെ വിജയിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കാസര്‍കോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട്, തൃശൂര്‍, ആലത്തൂര്‍, പാലക്കാട്, ഇടുക്കി, ചാലക്കുടി, പത്തനംതിട്ട, മാവേലിക്കര, ആറ്റിങ്ങല്‍ എന്നീ സീറ്റുകളിലാണ് സിപിഎം വിജയസാധ്യത കണക്കുകൂട്ടുന്നത്.

ബൂത്തുതലത്തിലുള്ള പാര്‍ട്ടി കണക്കുകള്‍ പരിശോധിച്ചാണ് സിപിഎം സെക്രട്ടേറിയറ്റിൻ്റെ വിലയിരുത്തല്‍. ഇപി ജയരാജന്‍- പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ചയും സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായി. യോഗത്തില്‍ പങ്കെടുത്ത ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിച്ചു. പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യുഡിഎഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നും മുന്നണി പറയുന്നു.

പഴയ വോട്ട് ചരിത്രമാണ് ഇതിന് ആധാരമായി അവർ മുന്നോട്ടുവയ്ക്കുന്നത്. പോളിങ് ശതമാനം കൂടുന്നത് മുൻ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുകൂലമായിരുന്നു. ഇത് കുറഞ്ഞ് 71.20 ൽ എത്തിയപ്പോഴാണ് 2004ലെ വലിയ വിജയമുണ്ടായത്. 71.05 ആണ് ഇത്തവണത്തെ പോളിങ്. അതുകൊണ്ട് സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചിട്ടില്ലെന്നാണ് കണക്ക് കൂട്ടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*