വൈക്കം: ഇരുകൈകാലുകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തി കീഴടക്കി പന്ത്രണ്ടുകാരി. കോതമംഗലം സെന്‍റ് അഗസ്റ്റിന്‍ ഗേള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ലയ ബി. നായരാണ് ഇരു കൈകാലുകളും ബന്ധിച്ച് വേമ്പനാട്ട് കായല്‍ നീന്തി കയറിയത്.
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്ന് വൈക്കം കായലോര ബീച്ചിലേക്കുള്ള നാലര കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ 13 മിനിട്ടുകൊണ്ടാണ് ലയ കീഴടക്കിയത്. കഴിഞ്ഞ വര്‍ഷം ഇരുകൈകളും ബന്ധിച്ചു വേമ്പനാട്ടുകായല്‍ നീന്തി കടന്ന് വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംപിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇരു കൈകാലുകളും ബന്ധിച്ച് നീന്തിക്കടക്കാന്‍ ലയ തയ്യാറായത്.
കായലിലെ നേരിയ അടി ഒഴുക്കിനെയും ഒഴുകി പരന്നുകിടക്കുന്ന പോള പായലിനെയും അതിജീവിച്ചാണ് ഈ കൊച്ചുമിടുക്കി നീന്തിക്കയറിയത്. കഴിഞ്ഞ തവണ കൈള്‍ ബന്ധിച്ചു നീന്തിയപ്പോള്‍ ലയ ഒരു മണിക്കൂര്‍ 16 മിനിട്ടിലാണ് ലക്ഷ്യം കൈവരിച്ചതെങ്കില്‍ ഇക്കുറി കൈകാലുകള്‍ ബന്ധിച്ചു നീന്തിയപ്പോള്‍ വൈക്കം തീരത്തെത്താന്‍ മൂന്നു മിനിറ്റ് കുറവാണെടുത്തത്.
നീന്തല്‍ പരിശീലകനായ ബിജു തങ്കപ്പന്‍റെയും വാരപ്പെട്ടി പഞ്ചായത്ത് അംഗം ശ്രീകലയുടെയും മകളാണ് ലയ ബി. നായര്‍.
Be the first to comment