
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് വിവിധ പ്രവർത്തനങ്ങൾക്കായി പദ്ധതി ഇനത്തിൽ 128.54 കോടി അനുവദിച്ച് ബജറ്റ് പ്രഖ്യാപനം. കൂടുതൽ പരിസ്ഥിതി സൗഹൃദമായ ബിഎസ് 6 ഡീസൽ ബസുകൾ വാങ്ങുന്നതിനായി 92 കോടി രൂപ വകയിരുത്തുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചു.
ഗതാഗതമേഖലയിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് സർക്കാർ നടപ്പാക്കിയിട്ടുള്ളത്. ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം കെഎസ്ആർടിസിക്ക് അനുവദിച്ചിട്ടുള്ള ധനസഹായത്തിൽ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. യുഡിഎഫ് കാലത്ത് കെഎസ്ആർടിസിക്ക് 1463.86 കോടി അനുവദിച്ച സ്ഥാനത്ത് എൽഡിഎഫ് സർക്കാർ 2016-21 കാലത്ത് 5002.13 കോടി രൂപയാണ് അനുവദിച്ചത്.
രണ്ടാം പിണറായി സർക്കാർ മൂന്നുവർഷത്തിനിടെ 4917.92 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മോട്ടോർവാഹന വകുപ്പിന് 32.52 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി ബാലഗോപാൽ പ്രസ്താവിച്ചു. ചെക്പോസ്റ്റുകൾ ആധുനിക വത്കരിക്കുന്നതിനായി 5.2 കോടി രൂപ വകയിരുത്തി. ഉൾനാടൻ ജലഗതാഗതമേഖലയ്ക്ക് 130.32 കോടി രൂപ നീക്കിവച്ചു.
Be the first to comment