
നൂറ്റിമുപ്പത്തെട്ടാമത് ചങ്ങനാശ്ശേരി അതിരൂപതാദിനാഘോഷം 2024 മെയ് 20 തിങ്കൾ രാവിലെ 9.30 മുതൽ 1.30 വരെ കുറുമ്പനാടം സെന്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിലെ മാർ ജോസഫ് പവ്വത്തിൽ നഗറിൽ നടക്കും. കുറുമ്പനാടം ഫൊറോന ആതിഥ്യമരുളുന്ന അതിരൂപതാദിനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കേരളത്തിലെ അഞ്ചു ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എൺപതിനായിരം കുടുംബങ്ങളിലെ അഞ്ചുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്തപ്രതിനിധികളും ഈ സംഗമത്തിൽ പങ്കെടുക്കും.
അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി 2024 മെയ് 19 ഞായറാഴ്ച വിളംബരദിനമായി കൊണ്ടാടും. അന്നേദിവസം ഉച്ചകഴിഞ്ഞ് 1 മണിക്ക് എടത്വാ സെൻറ് ജോർജ് ഫൊറോനാ പള്ളിയിലെ ദൈവദാസൻ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ കബറിടത്തിൽ നിന്ന് ദീപശിഖാപ്രയാണം ആരംഭിക്കും. എടത്വാ ഫൊറാനാ വികാരി വെരി. റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻവീട്ടിൽ ദീപശിഖ മിഷൻലീഗ് അതിരൂപതാ പ്രസിഡണ്ട് എയ്ഡൻ ഷൈജുവിന് കൈമാറും. 3 മണിക്ക് ചങ്ങനാശേരി കത്തീഡ്രൽ പള്ളിയിലെ അഭി. ജോസഫ് പവ്വത്തിൽ പിതാവിന്റെ കബറിടത്തിങ്കൽ നിന്നും ഛായാചിത്രപ്രയാണം ആരംഭിക്കും. മെത്രാപ്പോലീത്തൻപള്ളി വികാരി വെരി. റവ. ഡോ. ജോസ് കൊച്ചുപറമ്പിൽ ഛായാചിത്രം യുവദീപ്തി – എസ്. എം. വൈ. എം അതിരൂപതാ പ്രസിഡന്റ് ശ്രീ. ജോയൽ ജോൺ റോയിക്ക് കൈമാറും. യുവദീപ്തി – എസ്. എം. വൈ. എം ന്റെയും മിഷൻലീഗിന്റെയും നേതൃത്വത്തിൽ വാഹനറാലിയുടെ അകമ്പടിയോടെ ദീപശിഖയും ഛായാചിത്രവും സമ്മേളനനഗറിലേയ്ക്ക് സംവഹിക്കും.
മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം തിരുവനന്തപുരം ലത്തിൻ കത്തോലിക്കാ അതിരൂപത മെത്രാപ്പോലീത്ത ആർച്ചുബിഷപ് റൈറ്റ് റവ. ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്യും തുടർന്ന് ഹോളി ഫാമിലി ഫ്രട്ടേണിറ്റി ലോഗോ പ്രകാശനവും ആർച്ചുബിഷപ് നിർവഹിക്കും. മാർ തോമസ് തറയിൽ മെത്രാൻ സ്വാഗതം ആശംസിക്കും. വി എസ് എസ് സി പ്രൊജക്ട് ഡയറക്ടർ ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അതിരൂപതാദിനത്തിൽ നല്കുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ പ്രഖ്യാപിക്കുകയും സമ്മാനിക്കുകയും ചെയ്യും. സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ പ്രത്യേകമായി ആദരിക്കും. അവാർഡ് ജേതാക്കളെ പി. ആർ. ഒ. അഡ്വ. ജോജി ചിറയിൽ പരിചയപ്പെടുത്തും.
Be the first to comment