
കോട്ടയം: ആർപ്പൂക്കരയിൽ മീനച്ചിലാറിന്‍റെ കൈവഴിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. ആർപ്പൂക്കര വില്ലൂന്നി പുതുശേരി വീട്ടിൽ ഡെറി ജോണിന്‍റെ മകൻ ഏദൻ (15) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്.
ഏദനും പത്തോളം സുഹൃത്തുക്കളും ചേർന്നു നീന്തൽ പഠിക്കുന്നതിനും, ചൂണ്ട ഇടുന്നതിനുമായാണ് പുലിക്കുട്ടിശേരിയ്ക്കു എതിർ വശത്തുള്ള മീനച്ചിലാറിന്‍റെ കൈവഴിയിൽ എത്തിയത്. ഇവിടെനിന്ന് കുട്ടികൾ നീന്തുകയും നീന്തൽ പരിശീലനം നടത്തുകയും ചെയ്തു. ഇതിനിടെ നീന്തലറിയാതെ വെള്ളത്തിലിറങ്ങിയ ഏദൻ മുങ്ങിപ്പോകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് ഏദന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്നു, മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ ഗാന്ധിനഗർ പോലീസ് കേസെടുത്തു.
Be the first to comment