പി.വി അൻവറിന്റെ ആരോപണം; കരിപ്പൂരിലെ സ്വർണക്കടത്ത് വിശദമായി അന്വേഷിക്കാൻ സ് ഐ റ്റി

പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെ കരിപ്പൂരിലെ സ്വർണക്കടത്ത് പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കും. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പോലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ സ്വർണമാണ്. ഇതിൽ കസ്റ്റംസ് പോലീസ് ഒത്തുകളി ഉണ്ടെന്നാണ് പിവി അൻവർ ആരോപിച്ചത്. ഇന്നലെ ഡിഐജി മൊഴി എടുത്തപ്പോഴും ഇക്കാര്യങ്ങൾ വിശദീകരിച്ചിരുന്നു. സ്വർണം കടത്തി പിടിക്കപ്പെടുന്ന സ്ത്രീകളെ ചൂഷണം ചെയ്ത് പോലീസ് ലൈംഗീക വൈകൃതത്തിന് ഇരയാകുന്നുവെന്ന പുതിയ ആരോപണവും അൻവർ ഇന്നലെ ഉന്നയിച്ചിരുന്നു.

കരിപ്പൂരിൽ പിടിക്കുന്ന സ്വർണത്തിൽ വലിയൊരു പങ്ക് പോലീസ് അടിച്ചുമാറ്റിയെനന്നായിരുന്നു പി വി അൻവറിന്റെ ആരോപണം. കരിപ്പൂർ എയർപോർട്ടിലെ കള്ളക്കടത്ത് കഴിഞ്ഞ 3 വർഷമായി സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പിടിച്ചത്. എന്നാൽ പിടികൂടുന്നവരെ കസ്റ്റംസിന് കൈമാറാറില്ല. 102 സിആർപിസി പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സ്വർണ്ണ കള്ളകടത്ത് കേസ് ഈ വകുപ്പിലല്ല രജിസ്റ്റർ ചെയ്യണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിന് സമീപം പോലീസിന്റെ ഇടിമുറിയുണ്ടെന്ന വാർത്തകളും വന്നിരുന്നു. വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മർദ്ദിക്കാനും ആണ് ഇടിമുറി പ്രവർത്തിക്കുന്നത്. സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോൾ പ്രത്യേക സ്ക്വാഡിൽ നിയമിച്ച ഉദ്യോഗസ്ഥരാണ് ഇടിമുറിയിൽ ഇപ്പോഴും യാത്രക്കാരെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിക്കുന്നത്.

സുജിത്ത് ദാസ് മലപ്പുറം എസ്പി ആയിരുന്നപ്പോൾ നിയമിച്ച കുപ്രസിദ്ധരായ പൊലീസുകാരാണ് ഇപ്പോഴും ഇടിമുറിയുടെ ചുമതലക്കാർ. ഇവർക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിക്കാൻ ശുപാർശ ചെയ്തതും സുജിത്ത് ദാസ് തന്നെ. സിസിടിവി ക്യാമറകൾ പോലുമില്ലാത്ത പോലീസ് എയ്ഡ് പോസ്റ്റിൽ കരിപ്പൂർ സ്റ്റേഷനിലെ പോലീസുകാർക്ക് അനുമതിയില്ലാതെ പ്രവേശനവും ഇല്ല. നൂറിലധികം യാത്രക്കാരെയാണ് വിമാനത്താവളത്തിന് പുറത്തുള്ള ഇടിമുറിയിൽ പോലീസുകാർ മർദ്ദിച്ചത്. മർദനത്തിൽ പരാതിയുമായി എത്തുന്നവരെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ നേരിട്ട് കണ്ട് പരാതി ഇല്ലാതാക്കുകയാണ് പതിവ്.സുജിത്ത് ദാസിനെതിരായ അന്വേഷണം നടക്കുമ്പോൾ അദ്ദേഹം നിയോഗിച്ച ഗുണ്ടാ പോലീസുകാർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*