ഹരിനാരായണനായി സെല്‍വിന്റെ ഹൃദയം പറന്നെത്തുന്നു; സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്

തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സെൽവിൻ ശേഖറിന്റെ അവയവങ്ങളുമായി ഹെലികോപ്‌റ്റർ കൊച്ചിയിലേക്ക് പുറപ്പെട്ടു. സര്‍ക്കാര്‍ വാടകയ്ക്ക് എടത്ത ഹെലികോപ്റ്ററിലാണ് ഹൃദയം എത്തിക്കുന്നത്. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന 16കാരന്‍ ഹരിനാരായണന് വേണ്ടിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച സെല്‍വിന്‍ ശേഖറിന്റെ ഹൃദയം കിംസ് ആശുപത്രിയില്‍ നിന്ന് എത്തിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിച്ച ഹൃദയം ഇവിടെനിന്നാണ് ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുപോയത്. ഹൃദയം ഹെലികോപ്റ്ററില്‍ എത്തിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

കൊച്ചിയിലെ ഹെലിപാടിൽ നിന്ന് ലിസി ആശുപത്രിയിലേക്കും ആംസ്റ്റർ മെഡിസിറ്റിയിലേക്കും റോഡ് വഴിയാണ് അവയവങ്ങൾ എത്തിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ പൊലീസ് നടത്തിക്കഴിഞ്ഞു. ​ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സെൽവിൻ ശേഖറിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള 16 കാരൻ ഹരി നാരായണന് നൽകും. ഒരു വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിൽ ഉള്ള രോഗിക്കും മറ്റൊരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്ക് തന്നെ നൽകുമെന്നാണ് വിവരം. അതേസമയം, സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരം കണ്ണാശുപത്രിയിൽ ദാനം ചെയ്യും.  

 

Be the first to comment

Leave a Reply

Your email address will not be published.


*