കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് 18 നിർമിതികൾ ഒഴിവാക്കും

കേന്ദ്ര സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ നിന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എ.എസ്.ഐ) 18 സ്മാരകങ്ങളെ ഒഴിവാക്കും. പട്ടികയിൽ നിന്ന് പുറത്താകുന്നതോടെ ഈ സ്മാരകങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര ഏജൻസിക്ക് ബാധ്യതയുണ്ടാവില്ല. നിലവിൽ എ.എസ്.ഐയുടെ പരിധിയിൽ 3,693 സ്മാരകങ്ങളുണ്ട്. ഡീലിസ്റ്റിങ് പൂർത്തിയാകുന്നതോടെ ഇത് 3675 ആയികുറയും. 

ഹരിയാനയിലെ മുജേസറിലുള്ള കോസ് മിനാർ നം 13, ഡൽഹിയിലെ ബാരാ ഖംബ സെമിത്തേരി, റംഗൂണിലുള്ള ഗണ്ണർ ബർക്കിലിൻ്റെ ശവകുടീരം, ലഖ്നൗവിലെ ഗൌഘട്ട് സെമിത്തേരി, വാരാണസിയിലെ ടെലിയ നള ബുദ്ധൻ്റെ അവശിഷ്ടങ്ങൾ തുടങ്ങിയവ ഇനിമുതൽ ദേശീയ പ്രാധാന്യമില്ലാത്ത സ്ഥലങ്ങളാണ്. ഇവയെല്ലാം തന്നെ കേന്ദ്ര സംരക്ഷിത സ്മമാരകങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാകും. ഇതോടെ ഈ പ്രദേശങ്ങളിൽ ഇനി മുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കും നഗരവത്കരണത്തിനും തടസങ്ങളുണ്ടാവുന്നതല്ല.

2023 ഡിസംബറിൽ കേന്ദ്ര സംരക്ഷിത പട്ടികയിലുണ്ടായിരുന്ന 50 സ്മാരകങ്ങൾ കാണാതെ പോയതായി സാംസ്കാരിക മന്ത്രാലയം പാർലമെൻ്റിൽ അറിയിച്ചിരുന്നു. പല സ്മാരകങ്ങളും ഒരു നൂറ്റാണ്ടിന് മുമ്പേ ലിസ്റ്റ് ചെയ്തതാണ്. എന്നാൽ പിന്നീട്  പരിശോധനയിൽ ഈ സ്മാരകങ്ങൾ ഡോക്യുമെൻ്റ് ചെയ്ത പ്രദേശത്ത് കണ്ടെത്താനായിരുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആരോഗ്യം,വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങൾക്ക കൂടുതൽ പ്രാധാന്യം നൽകിയിരുന്നതിനാൽ പല സ്മാരകങ്ങളും സംരക്ഷിക്കപ്പെടാതെ പോയി.

കാണാതായ 50 സ്മാരകങ്ങളിൽ 14 എണ്ണം പെട്ടെന്നുള്ള നഗരവത്കരണം കാരണവും 12 എണ്ണം റിസർവോയറുകളിലോ ഡാമുകളിലോ മുങ്ങിപ്പോയതു കാരണവും നശിച്ചുപോയിരിക്കാം എന്നാണ് എഎസ്ഐയുടെ കണ്ടെത്തൽ. 24 എണ്ണമാകട്ടെ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*