രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം: SFI വയനാട് ജില്ല പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റില്‍

വയനാട്: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ന് പൊലീസ് നടപടിയുണ്ടാകും. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി.

എസ്.എഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. നിരവധി സ്ഥലങ്ങളില്‍ സിപിഎമ്മിന്റെ ഫ്‌ലെക്‌സുകളും ബാനറുകളും നശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ കെ ജി സെന്ററിലേക്ക് മാര്‍ച്ച് നടത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ അന്വേഷണം നടത്തുന്നതിനായി പോലീസ് ആസ്ഥാനത്തെ എഡിജി പിയെ ചുമതലപ്പെടുത്തി.

അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തിരമായി സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം സമരത്തെയും ആക്രമത്തെയും തള്ളി. സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്നും എസ്.എഫ്.ഐ അറിയിച്ചു. സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*