ഫോർട്ട് കൊച്ചി ടൂറിസം വികസനത്തിന് 2.82 കോടി

മട്ടാഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാൽ വീർപ്പുമുട്ടുന്ന ഫോർട്ട് കൊച്ചി ടൂറിസം മേഖലക്ക് പ്രതീക്ഷ നൽകി ഒടുവിൽ ഫോർട്ട് കൊച്ചി കടപ്പുറത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.82 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി ടൂറിസം വകുപ്പ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കർമ പദ്ധതിയുടെ ഭാഗമായാണ് വകുപ്പ് തല വർക്കിങ് ഗ്രൂപ്പ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമായത്.

പൈതൃക നിർമിതി സംരക്ഷണം, സൈറ്റ് തയാറാക്കൽ, ലാൻഡ് സ്കേപ്പിങ്, നടപ്പാത, ഇരിപ്പിടങ്ങളുടെ നവീകരണം, വൈദ്യുതീകരണ പ്രവർത്തനങ്ങൾ, തെരുവുകളിലെ കലാ ശിൽപ നവീകരണം എന്നിവയാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഫോർട്ട് കൊച്ചിക്ക് ഏറ്റവും അനിവാര്യമായി വേണ്ട മികച്ച രീതിയിലുള്ള ശുചിമുറി സംവിധാനം, തീരം നഷ്ടപ്പെട്ട കടപ്പുറത്തിന്‍റെ തീര സംരക്ഷണം, മാലിന്യ പ്രശ്നം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. ചീനവലകളുടെ സംരക്ഷണം സംബന്ധിച്ചും പരാമർശമില്ല.

മികച്ച ശുചിമുറിയില്ലാത്തത് ഫോർട്ട് കൊച്ചി ടൂറിസം മേഖലയിൽ എത്തുന്ന സഞ്ചാരികളെ ഏറെ പ്രയാസത്തിലാക്കുന്ന കാര്യമാണ്. ഫോർട്ട് കൊച്ചിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ശുചിമുറി സ്ഥാപിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിട്ട് ഒരു വർഷം പിന്നിടുന്നു. അടിസ്ഥാന സൗകര്യ വികസനത്തിൽ ശുചിമുറി ഉൾപ്പെടുത്തണമെന്ന ആവശ്യമാണ് മേഖലയിൽ നിന്ന് ഉയർന്നിട്ടുള്ളത്.

ഫോർട്ട് കൊച്ചി കടപ്പുറത്തിന്‍റെ പ്രവേശന കവാടത്തിലെ നടപ്പാതകളും വൈദ്യുതി വിളക്കുകളും സമീപത്തെ റോഡുകളിലെ സൗന്ദര്യവത്കരണവുമൊക്കെ സിഎസ്എംഎൽ നടപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പ് മുട്ടുന്ന ഫോർട്ട് കൊച്ചി ടൂറിസം മേഖലയെ സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.

നേരത്തേ കോടികളുടെ പദ്ധതി ഫോർട്ട് കൊച്ചിക്ക് വേണ്ടി നടപ്പാക്കിയെങ്കിലും ആസൂത്രണ പിശകും അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങളും മൂലം അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി മാറുന്ന സാഹചര്യമായിരുന്നു.

ഇപ്പോൾ ഭരണാനുമതി ലഭിച്ച പദ്ധതി ശരിയായ രീതിയിൽ നടക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കേരള ടൂറിസം ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിനാണ് പദ്ധതി ചുമതല.അംഗീകൃത ഏജൻസികൾ വഴി പതിനെട്ട് മാസം കൊണ്ട് നടപ്പാക്കാനാണ് തീരുമാനം. നവീകരണ ജോലികൾ ആരംഭിച്ച ഫോർട്ട് കൊച്ചി റസ്റ്റ് ഹൗസിന്‍റെ നവീകരണവും ഇഴഞ്ഞ് നീങ്ങുകയാണ്.പുതിയ പദ്ധതിയിൽ പ്രതീക്ഷയിലാണ് ടൂറിസം മേഖല.

Be the first to comment

Leave a Reply

Your email address will not be published.


*