നിയമവിരുദ്ധമായി ഇലക്ടറല്‍ ബോണ്ടുകള്‍ 20 കമ്പനികള്‍ വാങ്ങിയതായി റിപ്പോർട്ട്

മൂന്ന് വർഷത്തില്‍ താഴെയായി നിലവിലുള്ള കമ്പനികള്‍ക്ക് രാഷ്ട്രീയ സംഭാവനകള്‍ (ഇലക്ടറല്‍ ബോണ്ട് ഉള്‍പ്പെടെ) നല്‍കാന്‍ അനുവാദമില്ലാത്ത സാഹചര്യത്തില്‍, ഇത്തരത്തിലുള്ള ഇരുപതോളം കമ്പനികള്‍ 103 കോടി മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി റിപ്പോർട്ട്. ഇലക്ടറല്‍ ബോണ്ട് വാങ്ങുമ്പോള്‍ ഇവയില്‍ അഞ്ച് കമ്പനികളുടെ കാലാവധി ഒരു വർഷത്തില്‍ താഴെ മാത്രമാണ്. ഏഴ് കമ്പനികള്‍ ഒരു വർഷവും എട്ടെണ്ണം രണ്ട് വർഷവും പൂർത്തിയാക്കി. പട്ടികയിലുള്ള ഭൂരിഭാഗം കമ്പനികളും ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ട 2019ല്‍ ആരംഭിച്ചവയാണെന്നും ദേശിയ മാധ്യമ റിപ്പോർട്ടിൽ പറയുന്നു.

2013ലെ കമ്പനി നിയമത്തിലെ 182-ാം വകുപ്പ് പ്രകാരം വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു കമ്പനി സംഭാവന നല്‍കുകയാണെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരും. സംഭവാന നല്‍കിയ തുകയുടെ അഞ്ചിരട്ടി വരെ പിഴ കമ്പനിയില്‍ നിന്ന് ഈടാക്കാവുന്നതാണ്. കമ്പനിയുടെ ഭാഗമായ ഉദ്യോഗസ്ഥർക്ക് ജയില്‍ ശിക്ഷ വരെ ലഭിക്കാം.

ശിക്ഷാ കാലാവധി ആറ് മാസം വരെയായിരിക്കും, സംഭവന ചെയ്ത തുകയുടെ അഞ്ചിരട്ടി വരെ പിഴയും ലഭിക്കും. ഇത്തരത്തില്‍ വ്യവസ്ഥകള്‍ ലംഘിച്ച് സംഭാവന നല്‍കിയ 20 കമ്പനികളില്‍ 12 എണ്ണവും പ്രവർത്തിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായിട്ടാണ്. ഈ 12 കമ്പനികളും ചേർന്ന് 37.5 കോടി രൂപയാണ് സംഭാവന ചെയ്തിട്ടുള്ളത്. ടിഷാർക്ക് ഇന്‍ഫ്ര ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ടിഷാർക്ക് ഓവർസീസ് എജൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ ആരംഭിച്ചത് 2023ലാണ്. രണ്ട് മാസത്തിനുള്ളില്‍ തന്നെ 7.5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് കമ്പനികള്‍ വാങ്ങിയതും ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) സംഭാവന ചെയ്തതും.

കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്എച്ച് അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്രൈവറ്റ് ലമിറ്റിഡ് കമ്പനി ആരംഭിച്ചിട്ട് മൂന്ന് വർഷത്തിനുള്ളില്‍ തന്നെ 20 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്. ഇതില്‍ 15 കോടി രൂപ ബിജെപിക്കും അഞ്ച് കോടി രൂപ ബിജു ജനതാദളിനുമാണ് സംഭാവന ചെയ്തത്. 2021 നവംബറില്‍ സ്ഥാപിതമായ അസ്കസ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലമിറ്റഡ് 22 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. ബെസെഗന്‍ ഇന്‍ഫൊടെക്ക് എല്‍എല്‍പിയാണ് കാലാവധി തികയും മുന്‍പ് കൂടുതല്‍ തുക സംഭാവന ചെയ്ത മറ്റൊരു കമ്പനി. 11.5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് കമ്പനി വാങ്ങിയതും സംഭാവന ചെയ്തതും.

Be the first to comment

Leave a Reply

Your email address will not be published.


*