‘2018’ ഓസ്‌കാറിലേക്ക്; വിദേശ ഭാഷ വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ആദ്യ എന്‍ട്രി

മലയാള സിനിമ 2018: എവരിവണ്‍ ഇസ് എ ഹീറോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു. പ്രശസ്ത സംവിധായകന്‍ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്. 2023 ല്‍ പുറത്തിറങ്ങിയ സിനിമകള്‍ക്കുള്ള 96ാമത് ഓസ്‌കാറുകള്‍ 2024 മാര്‍ച്ച് 10 ന് ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് നടക്കുക.

2018 ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ ജൂഡ് ആന്റണി 2018 സിനിമ ഒരുക്കിയത്. പ്രളയം, അതില്‍ ഒലിച്ചുപോകുന്ന കെട്ടിടങ്ങള്‍ മനുഷ്യര്‍, മൃഗങ്ങള്‍ മറ്റ് പാരിസ്ഥിത പ്രശ്‌നങ്ങള്‍ എന്നിവയാണ് 150 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയിലുടനീളം ചര്‍ച്ച ചെയ്യുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ദ കേരള സ്റ്റോറി, വാല്‍വി, ഗദര്‍ 2, ബാലഗാം, ദസറ, സ്വിഗാറ്റോ, ദ സ്‌റ്റോറിടെല്ലര്‍, റോക്കി ഔര്‍ റാണി കി പ്രം കഹാനി, മ്യൂസിക് സ്‌കൂള്‍ എന്നിവയുള്‍പ്പെടെയുള്ള 22 സിനിമകള്‍ അവസാന ഘട്ടത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരുന്നു. പ്രളയത്തില്‍ നിന്ന് അതിജീവിച്ച മനുഷ്യരെയും അവരുടെ ആത്മധൈര്യത്തെയും സിനിമയില്‍ സംവിധായകന്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.

ടൊവിനോ തോമസ്, ആസിഫ് അലി, നരേന്‍, ലാല്‍, കുഞ്ചാക്കോ ബോബന്‍, അപര്‍ണ ബാലമുരളി എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങള്‍.കാവ്യ ഫിലിം കമ്പനിയുടെയും പി കെ പ്രൈം പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ വേണു കുന്നപ്പിള്ളി, സികെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 2018 ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*