2023 ലോക സുന്ദരി മത്സരം ഇന്ത്യയിൽ; 27 വർഷങ്ങൾക്ക്‌ ശേഷം

ലോക സൗന്ദര്യ മത്സരത്തിന് അതിഥേയരാകാൻ ഇന്ത്യ. 71-ാമത് ലോക സുന്ദരി മത്സരം ഇന്ത്യയിൽ നടക്കും. മിസ് വേൾഡ് ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനം നടക്കുന്ന മത്സരത്തിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും.

സൗന്ദര്യത്തോടൊപ്പം ബുദ്ധിയും കഴിവുമൊക്കെ പ്രദർശിപ്പിക്കാനുള്ള വേദി കൂടിയാണ് ഓരോ മിസ് വേൾഡ് മത്സരങ്ങളും. സാംസ്‌കാരിക പൈതൃകം, വൈവിധ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത, സ്ത്രീശാക്തീകരണ നിലപാടുകൾ തുടങ്ങിയവ കണക്കിലെടുത്താണ് ഇന്ത്യയെ തിരഞ്ഞെടുത്തതെന്ന് മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർപേഴ്സണും സിഇഒയുമായ മിസ് ജൂലിയ മോർലി പറഞ്ഞു.

2022 ലെ ഫെമിന മിസ് ഇന്ത്യ വേൾഡ് സിനി ഷെട്ടിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മിസ് വേൾഡ് ലിമിറ്റഡും പിഎംവി ഇന്റർനാഷണലും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. 130 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഫൈനലിലേക്കായി മത്സരിക്കും. ചാരിറ്റി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, കഴിവ് പ്രദർശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയും നടക്കും.

1996 ലാണ് ഇതിനു മുൻപ് ലോകസുന്ദരി മത്സരം ഇന്ത്യയിൽ നടന്നത്. ഗ്രീസിന്റെ ഐറിൻ സ്ക്ളീവയാണ് അന്ന് കിരീടം ചൂടിയത്. ആറ് ഇന്ത്യൻ വനിതകളാണ് ഇതുവരെ കിരീടം ചൂടിയത്. 1966 ൽ റീത്ത ഫാരിയ, 1994 ൽ ഐശ്വര്യ റായ്, 1997 ൽ ഡയാന ഹെയ്ഡൻ, 2000 ൽ പ്രിയങ്ക ചോപ്ര, 2017 ൽ മാനുഷി ചില്ലർ എന്നിവരാണ് മിസ് വേൾഡ് പട്ടം കരസ്ഥമാക്കിയ ഇന്ത്യൻ സുന്ദരികൾ. ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങളിൾക്ക് പിന്നാലെയാണ് ഗ്രാൻഡ് ഫിനാലെ.

Be the first to comment

Leave a Reply

Your email address will not be published.


*