2024 നീറ്റ് പിജി പരീക്ഷയുടെ ടെസ്റ്റ് സിറ്റി ലിസ്റ്റ് പുറത്ത്; ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ തെരഞ്ഞെടുക്കാം

ന്യൂ ഡൽഹി : 2024 നീറ്റ് പിജി പരീക്ഷ നടക്കുന്ന ടെസ്റ്റ് സിറ്റികളുടെ ലിസ്റ്റ് പുറത്തുവിട്ട് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS). പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർഥികൾക്ക് എൻബിഇഎംഎസ്-ന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് പരിശോധിക്കാം.

ജൂലൈ 22 വരെ ഈ ഓൺലൈൻ വിൻഡോ വഴി ഉദ്യോഗാർഥികൾക്ക് അവരുടെ ഇഷ്‌ടപ്പെട്ട ടെസ്റ്റ് സിറ്റികൾ തെരഞ്ഞെടുക്കാനാകും. ഉദ്യോഗാർഥികൾക്ക് അനുവദിച്ചിട്ടുള്ള ടെസ്റ്റ് സിറ്റി സംബന്ധിച്ച വിവരം ജൂലൈ 29-ന്, രജിസ്റ്റർ ചെയ്‌ത ഇമെയിൽ ഐഡി വഴി അറിയിക്കും. ടെസ്റ്റ് സിറ്റിയിലുള്ള ടെസ്റ്റ് സെന്‍റര്‍ (പരീക്ഷ കേന്ദ്രം) സംബന്ധിച്ച വിവരം ഓഗസ്റ്റ് 8-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന അഡ്‌മിറ്റ് കാർഡ് വഴി ആയിരിക്കും അറിയിക്കുക.

2024 ജൂൺ 23-ന് നടക്കാനിരുന്ന നീറ്റ് പരീക്ഷയ്ക്ക് വേണ്ടി നല്‍കിയ അഡ്‌മിറ്റ് കാർഡുകളിൽ അറിയിച്ചിട്ടുള്ള ടെസ്റ്റ് സിറ്റിയും ടെസ്റ്റ് സെന്‍ററും ഇനി സാധുതയുള്ളതല്ല എന്നും എന്‍ബിഇഎംഎസ് അറിയിച്ചിട്ടുണ്ട്. 2024 ഓഗസ്റ്റ് 11-ന് ആണ് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് (എൻബിഇ) നീറ്റ്-പിജി പരീക്ഷ നടത്തുന്നത്.

നീറ്റ് പിജി പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികള്‍ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന നാല് ടെസ്റ്റ് സിറ്റികൾ തെരഞ്ഞടുക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് ഏതെങ്കിലും ഒരു സിറ്റിയില്‍ ആയിരിക്കും ഉദ്യോഗാര്‍ഥി പരീക്ഷ എഴുതേണ്ടത്.

അപേക്ഷയില്‍ നല്‍കിയിട്ടുള്ള കറസ്‌പോണ്ടൻസ് വിലാസത്തില്‍ പറയുന്ന സംസ്ഥാനത്തിനകത്തോ സമീപ സംസ്ഥാനങ്ങളിലോ അല്ലെങ്കില്‍ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ആയിരിക്കും സാധാരണ ഗതിയില്‍ ടെസ്റ്റ് സെന്‍റര്‍ അനുവദിക്കുക. കറസ്‌പോണ്ടൻസ് വിലാസത്തില്‍ പറയുന്ന സംസ്ഥാനത്തിനകത്തോ അടുത്തുള്ള സംസ്ഥാനത്തോ ടെസ്റ്റ് സെന്‍റര്‍ അനുവദിക്കാൻ കഴിഞ്ഞില്ലെങ്കില്‍ ലഭ്യമായ ഏതെങ്കിലും ഭാഗത്ത് ടെസ്റ്റ് സെന്‍റർ അനുവദിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*