ശമ്പളം വൈകുന്നു, കെഎസ്ആര്‍ടിസിയിൽ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍

ശമ്പളവിതരണത്തിലെ കാലതാമസത്തില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് സമരം ഇന്ന് അര്‍ധരാത്രി മുതല്‍. 24 മണിക്കൂര്‍ സമരം നാളെ രാത്രി 12 മണി വരെയാണ്. ബസ് സര്‍വീസുകളെ സമരം ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞമാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകും വരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ധാരണ പ്രകാരം അഞ്ചാം തീയതിക്കുമുമ്പ് മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നായിരുന്നു സൂചന സമരത്തിലെ തീരുമാനം. പക്ഷെ  ഈ മാസം ഒരു ഗഡുമാത്രമാണ് നൽകിയത്. സംയുക്ത സമരസമിതിയിൽ നിന്നും പിൻമാറിയ  ബിഎംഎസ് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍, സിഐടിയുവും ഐഎൻടിയുിയും ചീഫ് ഓഫീസിന് മുന്നിൽ സമരം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*