അതിരമ്പുഴയിൽ 24 കാരി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

അതിരമ്പുഴ: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന പരാതിയുമായി കുടുംബം. 24 വയസുകാരി ഷൈമോൾ സേവ്യറെ ഭർത്താവും ബന്ധുക്കളും ചേർന്ന് നിരന്തര ശാരീരിക മാനസിക പീഡനത്തിന് വിധേയയാക്കിയെന്നാണ് ആരോപണം. യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയ പൊലീസ് ഭർത്താവിനെതിരായ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങി. അതേസമയം, ഷൈമോളുടെ മൃതദേഹം ഇന്ന് രാവിലെ അതിരമ്പുഴ പള്ളിയിൽ സംസ്ക്കരിച്ചു.  

നാല് വർഷം മുമ്പാണ് ഷൈമോൾ അതിരമ്പുഴ സ്വദേശിയായ ഓട്ടോ ഡ്രൈവർ അനിൽ സേവ്യറിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. ആദ്യം സന്തോഷകരമായാണ് ഇരുവരും ജീവിച്ചതെങ്കിലും കഴിഞ്ഞ കുറേ നാളുകളായി അനിൽ ഷൈമോളെ ശാരീരികമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉപദ്രവം സഹിക്കാൻ വയ്യാതെ ഭർതൃ വീട്ടിൽ നിന്ന് ഷൈമോൾ സ്വന്തം വീട്ടിലെത്തി. തുടർന്ന് ഇനി പ്രശ്നങ്ങളുണ്ടാകില്ലെന്ന് അനിലിന്റെ വീട്ടുകാർ ഉറപ്പ് നൽകിയതോടെയാണ് മടങ്ങി പോയത്. എന്നാൽ ചൊവ്വാഴ്ച രാവിലെ അമ്മയെ ഫോണിൽ വിളിച്ച ഷൈമോൾ വീണ്ടും അനിലിന്റെ ഉപദ്രവത്തെ പറ്റി പരാതി പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം ഷൈമോളുടെ മരണ വാർത്തയാണ് കുടുംബത്തെ തേടിയെത്തിയത്.

ഭർതൃ വീട്ടുകാർ മരണ വാർത്ത അറിയിക്കാൻ വൈകിയതിൽ കുടുംബത്തിന് സംശയമുണ്ട്. ഷൈമോളുടെ ചെവിയിൽ നിന്ന് ചോര വാർന്നതും കൈത്തണ്ടയിൽ ഉണ്ടായിരുന്ന പാടുകളും മരണത്തിൽ ദുരൂഹത ഉന്നയിക്കാനുള്ള കാരണങ്ങളാണ്. എന്നാൽ മരണം ആത്മഹത്യ തന്നെയെന്നാണ്‌ ഏറ്റുമാനൂർ പൊലീസ് പറയുന്നത്. ഷൈമോളും ഭർത്താവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗാർഹിക പീഡനം ഉൾപ്പെടെ ഷൈമോളുടെ കുടുംബം ഉന്നയിച്ച പരാതികളിൽ വിശദമായ അന്വേഷണത്തിന് ശേഷം ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരായ നടപടി തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*