പാലായിൽ വൻ ലഹരിവേട്ട; എംഡിഎംഎയുമായി 3 യുവാക്കൾ പിടിയിൽ

കോട്ടയം:- ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മാരക മയക്കമരുന്നുകളുടെ പ്രധാന വിൽപ്പനക്കാർ പാലായിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിൽ. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), അൻവർഷാ എൻ.എൻ ( 22 ), അഫ്സൽ അലിയാർ (21 ) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ വ്യാപക വിൽപ്പന നടത്തുന്നതിനായി ബെംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തി കൊണ്ടുവന്ന വൻ തോതിലുള്ള 77 ഗ്രാം എംഡിഎംഎ, 3 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണ് ഒരാഴ്ച നീണ്ട രഹസ്യ നീക്കത്തിലൂടെ എക്സൈസ് സംഘം നടത്തിയത്. ചെക്കിങ് ഒഴിവാക്കുന്നതിനായി അതിരാവിലെ ബെംഗളൂരുവിൽ നിന്നുള്ള സ്വകാര്യ ബസിൽ പാലായിൽ എത്തിയ പ്രതികളെ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ സാഹസിക നീക്കത്തിലൂടെ പിടികൂടുകയായിരുന്നു.

പ്രതികളുടെ ബാഗിനുള്ളിൽ നിന്നും ഒളിപ്പിച്ച നിലയിലുള്ള ന്യൂ ജനറേഷൻ മാരക രാസ ലഹരി മയക്കു മരുന്നുകളായ എം ഡി എം എ , എൽ.എസ് ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നും വൻ തോതിൽ മയക്കുമരുന്ന് ജില്ലയിൽ എത്തിച്ച് പ്രധാനമായും കോളേജ് വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും വൻ ലാഭത്തിൽ വില്പന നടത്തി വന്നിരുന്ന പ്രതികൾ സ്വന്തം ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കാനുമാണ് ലഹരി വിൽപ്പനയിൽ ഏർപ്പെട്ടത്.

ആഴ്ചയിൽ രണ്ട് തവണ ബെംഗളൂരുവിലേക്ക് യാത്ര പോവാറുളള ഇവരെ എക്സൈസ് നിരീക്ഷണം നടത്തിവരുകയായിരുന്നു. കോട്ടയത്തെ മയക്കുമരുന്ന് ശൃഖലയിലെ പ്രധാനികളാണ് ഇവർ. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ ബിനോദ്, കെ.എൻ വിനോദ് സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ്. ട, ദീപു ബാലകൃഷ്ണൻ, അനീഷ് രാജ്, നിമേഷ് കെ.എസ് , ശ്യാം ശശിധരൻ, പ്രശോഭ് കെ.വി എക്സൈസ് ഡ്രൈവർ അനിൽ കെ.കെ എന്നിവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*