വേണ്ടത്ര പരിശോധനയില്ലാതെ പോളിസി നല്‍കിയ ശേഷം നേരത്തെ തന്നെ ഈ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് തുക നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി. 3,07,849/- രൂപ ഉപഭോക്താവിന് നല്‍കണമെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
സ്വകാര്യ ആശുപത്രിയില്‍ വാല്‍വ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ എറണാകുളം സ്വദേശി കെ പി റെന്‍ദീപ് സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. സ്റ്റാര്‍ ഹെല്‍ത്തിന്റെ ഫാമിലി ഹെല്‍ത്ത് ഒപ്ടിമ ഇന്‍ഷുറന്‍സ് പ്ലാനില്‍ 2018 ലാണ് പരാതിക്കാരന്‍ ചേര്‍ന്നത്.
ശസ്ത്രക്രിയ ചെലവായി 3,07,849/- രൂപ ചെലവായി.പോളിസി എടുക്കുന്നതിന് മുമ്പേ ഈ അസുഖം ഉണ്ടായിരുന്നുവെന്നും അക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് പരാതിക്കാരന്‍ പോളിസി എടുത്തതെന്നും എതിര്‍കക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു. മാത്രമല്ല ആദ്യ രണ്ടു വര്‍ഷം ഇത്തരം അസുഖത്തിനുള്ള ചെലവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് എതിര്‍കക്ഷി വാദിച്ചു.
മെഡിക്കല്‍ നോട്ടില്‍ ഡോക്ടര്‍ ചോദ്യചിഹ്നമാണ് ഇട്ടതെന്നും നിര്‍ണായകമായി ഇത്തരത്തിലുള്ള ഒരു രോഗമുണ്ടെന്ന് വ്യക്തതയോടെ അറിയിച്ചിട്ടില്ലെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു. ‘ഇന്‍ഷുറന്‍സ് പോളിസി സ്വീകരിക്കുമ്പോള്‍ തന്നെ ഉപഭോക്താവിന് എന്തെങ്കിലും രോഗമുണ്ടോ എന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ട ബാധ്യത ഇന്‍ഷുറന്‍സ് കമ്പനിക്ക് തന്നെയാണ്. ശസ്ത്രക്രിയ ചെലവായ തുക കൂടാതെ രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 30 ദിവസത്തിനകം ഉപഭോക്താവിന് നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പോളിസി സ്വീകരിച്ചതിനുശേഷം നേരത്തെ രോഗം ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍ , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി .
Be the first to comment