ഛര്‍ദ്ദിയും വയറിളക്കവും; കാക്കനാട് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍, കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം

കൊച്ചി: കാക്കനാട് ഛര്‍ദ്ദിയും വയറിളക്കവുമായി ഡിഎല്‍എഫ് ഫ്ലാറ്റിലെ 338 പേര്‍ ചികിത്സയില്‍. അഞ്ച് വയസ്സിന് താഴെയുള്ള 25 കുട്ടികളും ചികിത്സയിലുണ്ട്. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.

ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്. 15 ടവറുകളിലായി ഡിഎല്‍എഫിന് 1268 ഫ്ലാറ്റുകളും അതിൽ അയ്യായിരത്തിലധികം താമസക്കാരുമുണ്ട്. മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു.

ഫ്ലാറ്റിന്റെ താഴ്‌ഭാ​ഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോ​ഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന് താഴെത്തെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.

ഫ്ലാറ്റിലെ കിണർ, കുഴല്‍കിണര്‍, മുന്‍സിപ്പല്‍ ലൈന്‍ തുടങ്ങിയവയില്‍ നിന്നാണ് ഫ്ലാറ്റിലേക്ക് വെള്ളം ശേഖരിക്കുന്നത്. ഇവിടെ നിന്നുള്ള ബന്ധം വിച്ഛേദിച്ച് ടാങ്കറുകളിൽ നിന്ന് വെള്ളമെത്തിക്കാനാരംഭിച്ചിട്ടുണ്ട്. ക്ലോറിനേഷൻ ഉൾപ്പടെയുള്ള നടപടികളും തുടങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*