ദുബായിയിൽ വൻ തീപിടുത്തം; മലയാളി ദമ്പതികളടക്കം 16 പേർക്ക് ദാരുണാന്ത്യം

ദുബായ്: ദുബായിലെ അൽ റാസിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടുത്തം. രണ്ട് മയാളികൾ ഉൾപ്പെടെ 16 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്( 37), ഭാര്യ ജിഷി( 32) എന്നിവരാണ് മരിച്ച മലയാളികൾ. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്. അപകട വിവരം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പോലീസും സിവിൽ ഡിഫൻസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കുകയായിരുന്നു.

ഒൻപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പടർന്നത്. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 4 ഇന്ത്യാക്കാരാണ് മരിച്ചത്. മലപ്പുറം സ്വദേശികളായ ദമ്പതികളെ കൂടാതെ രണ്ട് തമിഴ്‌നാട് സ്വദേശികൾക്കും ജീവൻ നഷ്ടമായി. പാകിസ്താൻ സ്വദേശികളായ 3 പേരെയും നൈജിരിയൻ പൗരയായ ഒരു സ്ത്രീയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത മുറിയിൽ നിന്നും റിജേഷിന്റെ മുറിയിലേക്ക് തീപടരുകയായിരുന്നുവെന്നാണ് വിവരം. പുക ശ്വസിച്ചാണ് ഇരുവരുടെയും മരണം. ദേരയിലെ ട്രാവൽസ് കമ്പനി ജീവനക്കാരനായിരുന്നു റിജേഷ്. അധ്യാപികയായിരുന്നു ഭാര്യ ജിഷി.

രക്ഷാപ്രവർത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരിൽപെടുന്നു. മൃതദേഹങ്ങൾ ദുബായ് പൊലീസ് മോർച്ചറിയിലേക്ക് മാറ്റി. 

Be the first to comment

Leave a Reply

Your email address will not be published.


*