ബംഗളൂരു: ഷിരൂര്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഗംഗാവലി പുഴയിൽ നാല് ലോഹ ഭാഗങ്ങൾ കണ്ടെത്തിയതായി റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ. റോഡിന്റെ സുരക്ഷാ ബാരിയർ, ടവർ, ലോറിയുടെ ഭാഗങ്ങൾ, കാബിൻ എന്നിവയാണ് കണ്ടെത്തിയത്. റോഡിൽ നിന്നു 60 മീറ്റർ ദൂരെ പുഴയിലാണ് ലോറിയുടെ സാന്നിധ്യമുള്ളത്. മൂന്നാമത്തെ സ്പോട്ടിലാണ് ലോറിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്നു കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയിട്ട് ഇന്ന് പത്താം ദിവസമാണ്. പുഴയിലുള്ളത് അർജുന്റെ ട്രക്ക് തന്നെയാണെന്നു ഐബോഡ് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. എസ്പി, കാർവാർ എംഎഎൽഎ, റിട്ട. മേജർ ജനറൽ എന്നിവർ സംയുക്ത വാർത്താ സമ്മേളനം നടത്തിയാണ് കാര്യങ്ങൾ വിശദീകരിച്ചത്.
കാബിൻ ടാങ്കറിന്റേതാണ്. അർജുൻ സഞ്ചരിച്ച ലോറിയുടെ കാബിൻ വിട്ടു പോകാൻ സാധ്യതയില്ല എന്നാണ് കമ്പനിയിൽ അന്വേഷിച്ചപ്പോൾ അറിയാൻ സാധിച്ചതെന്നു മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ വ്യക്തമാക്കി.
മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ ആദ്യം വെള്ളത്തിൽ പോയത് ടവർ ആകാം. അർജുൻ സഞ്ചരിച്ച ലോറി ഉടൻ വെള്ളത്തിൽ പോകാൻ സാധ്യതയില്ല. ലോറിയിലെ തടികൾ ഒഴുകിപ്പോയ ശേഷമാകാം ലോറി മുങ്ങിയത്. മുങ്ങൽ വിദഗ്ധരെ നിയോഗിക്കണമെങ്കിൽ ലോറിയുടെ സാന്നിധ്യം കൃത്യമായി അറിയേണ്ടതുണ്ട്.
രാത്രിയിലും ഡ്രോൺ പരിശോധന തുടരും. രാത്രി തണുപ്പാകുമ്പോൾ സിഗ്നലുകൾ കുറേക്കൂടി വ്യക്തമാകും. ശക്തമായ അടിയൊഴുക്കാണ് തിരച്ചിലിനു തിരിച്ചടിയാകുന്നത്. ഒടുവിൽ നടത്തിയ ഡ്രോൺ പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.
മുങ്ങൽ വിദഗ്ധരെ ഇറക്കുന്നത് ഏറെ ദുഷ്കരമാണ്. നേവിക്ക് ഇതു സാധിക്കും. അർജുൻ വാഹനത്തിനു പുറത്തിറങ്ങിയിരുന്നോ എന്നു വ്യക്തമല്ലെന്നും ഇന്ദ്രബാലൻ വ്യക്തമാക്കി.
Be the first to comment