രാജ്യത്തെ 40% എംപിമാരും ക്രിമിനൽ കേസ് പ്രതികൾ, ശതമാനക്കണക്കിൽ മുന്നിൽ കേരളം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഇരുസഭകളിലമായുള്ള 763 അംഗങ്ങളിൽ 40% ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ. 73% ശതമാനം എംപിമാരും പ്രതികളായ കേരളമാണ് ഇക്കാര്യത്തിലും നമ്പർ വൺ.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് നൽകുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്സ് റിഫോംസ് (ADR), നാഷണൽ ഇലക്ഷൻ വാച്ച് (NEW) എന്നീ സംഘടനകൾ ചേർന്നാണ് ഇതു സംബന്ധിച്ച പട്ടിക തയാറാക്കിയത്.

194 എംപിമാരാണ് (25%) ഗുരുതരമായ കേസുകൾ വെളിപ്പെടുത്തിയിട്ടുള്ളത്. കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ബിഹാർ മഹാരാഷ്‌ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ശതമാനക്കണക്കിൽ കേരളത്തിനു പിന്നാലെ വരുന്നത്. ഗുരുതരമായ കേസുകൾ നിലവിലുള്ള എംപിമാർ ഏറ്റവും കൂടുതൽ ബിഹാറിൽ നിന്നാണ് (50%). ഈയിനത്തിൽ കേരളത്തിന് (10%) നാലാം സ്ഥാനം മാത്രം. മഹാരാഷ്‌ട്രയും ഉത്തർ പ്രദേശും കൂടി മുന്നിലുണ്ട്.

പാർട്ടികളുടെ കണക്കെടുക്കുമ്പോൾ, ക്രിമിനൽ കേസ് പ്രതികളായ എംപിമാർ ഏറ്റവും കൂടുതൽ ബിജെപിയിലാണ്, 139 പേർ, അതായത് പാർട്ടിക്ക് ആകെയുള്ള 385 എംപിമാരിൽ 36%. കോൺഗ്രസിന്‍റെ 81 എംപിമാരിൽ 43 പേരും (53%) വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. സിപിഎമ്മിന്‍റെ എട്ട് എംപിമാരിൽ മൂന്നു പേർ മാത്രം (27%).

Be the first to comment

Leave a Reply

Your email address will not be published.


*