
അത്യാധുനിക സംവിധാനങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കാൻ ഒരുങ്ങി ദുബായ്. ഏകദേശം 35 ബില്യൺ യുഎസ് ഡോളർ (2.9 ലക്ഷം കോടി) രൂപയുടെ പദ്ധതിയാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്. അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് എന്നാണ് പുതിയ വിമാനത്താവളം അറിയപ്പെടുക. ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലെ എല്ലാ പ്രവർത്തനങ്ങളും അടുത്ത വർഷങ്ങളിൽ അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുമെന്ന് എമിറേറ്റ് ഭരണാധികാരി അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് പദ്ധതിക്ക് ദുബായ് ഭരണാധികാരി അന്തിമ അംഗീകാരം നൽകിയത്.
സൗത്ത് ദുബായ് പദ്ധതിയുടെ ഭാഗമായിട്ടാണ് നിലവിലുള്ള വിമാനത്താവളത്തിൽ പുതിയ ടെർമനിലുകൾ വരുന്നത്. തെക്കൻ ദുബായിൽ ജബർ അലി തുറമുഖത്തിനും ദുബായ് എക്സ്പോ വേദിക്കും അടുത്തായിട്ടാണ് വിമാനത്താവളം വരിക. പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുണ്ടാവുക.
നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തേക്കാൾ അഞ്ചിരട്ടി വലുതായിരിക്കും ഇത്. പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വിമാനത്താവളത്തിൽ 400 എയർക്രാഫ്റ്റ് ഗേറ്റുകൾ സ്ഥാപിക്കും. വ്യോമഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന് അഞ്ച് സമാന്തര റൺവേകൾ ഉൾപ്പെടുത്തും. പദ്ധതിയിൽ പുതിയ വ്യോമയാന സാങ്കേതികവിദ്യകൾ അവതരിപ്പിക്കും. ഇത് വ്യോമയാന മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ കാരണമാകും.
Today, we approved the designs for the new passenger terminals at Al Maktoum International Airport, and commencing construction of the building at a cost of AED 128 billion as part of Dubai Aviation Corporation’s strategy.
Al Maktoum International Airport will enjoy the… pic.twitter.com/oG973DGRYX
— HH Sheikh Mohammed (@HHShkMohd) April 28, 2024
70 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പുതിയ വിമാനത്താവളം വരുന്നത്. അടുത്ത പത്ത് വർഷം കൊണ്ട് ഘട്ടം ഘട്ടമായി മുഴുവൻ പ്രവർത്തനങ്ങളും പുതിയ വിമാനത്താവളത്തിലേക്ക് മാറ്റും. ദുബായ് സൗത്തിലെ വിമാനത്താവളത്തിന് ചുറ്റും പത്ത് ലക്ഷത്തോളം പേർക്കുള്ള താമസസൗകര്യം ഉൾകൊള്ളുന്ന തരത്തിൽ ഒരു നഗരം കൂടി പുതുതായി നിർമ്മിക്കും. ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികളെ നഗരത്തിലേക്ക് ആകർഷിക്കുകയാണ് ദുബായ് ഭരണകൂടം ഇതുവഴി ലക്ഷ്യമിടുന്നത്.
2010-ലാണ് ദുബായ് വിമാനത്താവളത്തിൽ നിന്നും 45 കിലോമീറ്റർ അകലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം തുറന്നത്. എന്നാൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല. ആയിരക്കണക്കിന് ഏക്കർ നീണ്ട് കിടക്കുന്ന ആൾതാമസമില്ലാത്ത മരുഭൂമിയാണ് ഈ പ്രദേശം. കോവിഡ് സമയത്ത് ചില പ്രവർത്തനങ്ങൾക്ക് വിമാനത്താവളം ഉപയോഗിച്ചിരുന്നു. ഇപ്പോൾ ചരക്ക്, സ്വകാര്യ ഫ്ലൈറ്റുകൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. രണ്ടുവർഷത്തിലൊരിക്കലുള്ള ദുബായ് എയർ ഷോയും അൽ മക്തൂം വിമാനത്താവളത്തിൽ നടക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ വിമാനത്താവളവും തിരക്കേറിയ തുറമുഖവും കൊണ്ട് ദുബായുടെ അടുത്ത നാൽപ്പത് വർഷത്തെ വികസനത്തിന് കൂടിയാണ് ദുബായ് ഭരണകൂടം അടിത്തറ പാകുന്നത്. വിമാനത്താവളത്തിനൊപ്പം ഒരു ആഗോള നഗരമായി ഈ മേഖല മാറും.
Be the first to comment