
മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് സമ്മതപത്രം നൽകാൻ ഇനി 44 പേർ മാത്രം. ടൗൺഷിപ്പിലേക്കുള്ള 402 ഗുണഭോക്താക്കളിൽ 358 പേർ ഇതു വരെ സമ്മതപത്രം കൈമാറി. ഇതിൽ 264 പേർ വീടിനായും 94 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയത്.
രണ്ടാംഘട്ട 2-എ, 2-ബി ഗുണഭോക്തൃ പട്ടികയിലെ 116 സമ്മതപത്രം നൽകിയിട്ടുണ്ട്. 89 ആളുകൾ ടൗൺഷിപ്പിൽ വീടിനായും 27 പേർ സാമ്പത്തിക സഹായത്തിനായുമാണ് സമ്മതംപത്രം നൽകിയത്. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഏപ്രിൽ മൂന്ന് വരെ സമ്മതപത്രം നൽകാം. ടൗൺഷിപ്പിൽ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച അന്തിമ പട്ടിക ഏപ്രിൽ 20ന് പ്രസിദ്ധീകരിക്കും.
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടിരുന്നു. കൽപ്പറ്റ ബൈപ്പാസിനടുത്ത് എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഹെക്ടറിലാണ് ടൗൺഷിപ്പ് ഒരുങ്ങുന്നത്. 38 ക്ലസ്റ്ററുകളിലായി 430 വീടുകളാണ് ഒരുങ്ങുക. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് സെന്റിലായിരിക്കും ഓരോ വീടും ഒരുങ്ങുക.
1000 ചതുരശ്ര അടിയിൽ ഒരുനില വീട് ആണ് ടൗൺഷിപ്പിൽ ഉയരുക. രണ്ട് ബെഡ്റൂം, ഹാൾ, അടുക്കള, വരാന്ത, ഡൈനിങ്, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടുകൾക്കും ഉണ്ടാകും. ഒന്നരയേക്കറിൽ മാർക്കറ്റ്, ആധുനിക അങ്കണവാടി, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ മൈതാനം, പാർക്കിങ് ഏരിയ, ഡിസ്പെൻസറി, കമ്മ്യൂണിറ്റി ഹാൾ, മാലിന്യസംസ്കരണ സംവിധാനം എന്നിവ ടൗൺഷിപ്പിൽ ഒരുങ്ങും.
Be the first to comment