44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു ; ‘തമ്പി’

ചെന്നൈ : അടുത്ത മാസം നടക്കാനിരിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ  ഔദ്യോഗിക ലോഗോയും (logo) ഭാഗ്യചിഹ്നവും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍  പ്രകാശനം ചെയ്തു. ‘തമ്പി’  (തമിഴില്‍ ഇളയ സഹോദരന്‍ എന്നർഥം) എന്ന കുതിരയാണ് ഭാഗ്യചിഹ്നം. തമ്പി പരമ്പരാഗത വസ്ത്രമായ മുണ്ടും ഷര്‍ട്ടും ധരിച്ച് കൈകൂപ്പി നില്‍ക്കുന്നതാണ് ലോ​ഗോയിൽ കാണുന്നത്. തമിഴിലെ ആശംസാ വാക്കായ ‘വണക്കം’ ആണ് കൈകൂപ്പി നിൽക്കുന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഷര്‍ട്ടില്‍ ‘Chess Believe’ എന്ന് എഴുതിയിരിക്കുന്നത് കാണാം. ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെ മാമല്ലപുരത്താണ് ചെസ് ഒളിമ്പ്യാഡ് നടക്കുക. 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ 187 രാജ്യങ്ങളില്‍ നിന്നുള്ള 343 ടീമുകളാണ് പങ്കെടുക്കുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ 189 ടീമുകളും വനിതാ വിഭാഗത്തില്‍ 154 ടീമുകളും പങ്കെടുക്കും. 2018ല്‍ 334 ടീമുകളാണ് ബറ്റുമി ഒളിമ്പ്യാഡില്‍ പങ്കെടുത്തിരുന്നത്. ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്‍ ഒളിമ്പ്യാഡില്‍ പങ്കെടുക്കും. ആതിഥേയ രാജ്യം എന്ന നിലയില്‍ ഇന്ത്യക്ക് രണ്ട് വിഭാഗങ്ങളിലും ഒരു അധിക ടീമിനെ ഇറക്കാന്‍ അര്‍ഹതയുണ്ട്. ഒറ്റസംഖ്യ എന്‍ട്രികള്‍ ഉണ്ടായാല്‍ ഒരു മൂന്നാം ടീമിനെ ഫീല്‍ഡ് ചെയ്യാനും രാജ്യത്തിന് അവസരമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*