17 ദിവസങ്ങൾക്കുള്ളിൽ 5.2 കോടി രൂപ ; റെക്കോഡ് കളക്ഷനുമായി ‘ദേവദൂതൻ’

24 വർഷങ്ങൾക്കുശേഷം 4-കെ ദൃശ്യമികവോടെ ദേവദൂതൻ വീണ്ടുമെത്തിയപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച് പ്രേക്ഷകർ. റീമാസ്റ്ററും റീ എഡിറ്റും കഴിഞ്ഞ് തീയറ്ററിലെത്തിയ ചിത്രം 17 ദിവസങ്ങൾക്കുള്ളിൽ 5.2 കോടി രൂപ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. 2000- ത്തിലെ ക്രിസ്മസ് റിലീസായി പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനംചെയ്ത് സിയാദ് കോക്കർ നിർമിച്ച ദേവദൂതൻ.

മോഹൻലാലും ജയപ്രദയും കേന്ദ്രകഥാപാത്രങ്ങളായപ്പോൾ മറ്റൊരാകർഷണമായത് വിദ്യാസാഗറിന്റെ സംഗീതമായിരുന്നു. എന്നാൽ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടതിനപ്പുറം ചിത്രത്തിന് തീയറ്ററിൽ വിജയമാവാൻ കഴിഞ്ഞില്ല. മോഹൻലാലിന് ആ സമയം നിലനിന്നിരുന്ന സ്റ്റാർഡം സിനിമയെ മോശമായി ബാധിച്ചു എന്ന് പലരും വിധി എഴുതി. പതിവ് മലയാളസിനിമാ ശൈലിയിൽ നിന്ന് മാറി അന്താരാഷ്ട്ര സിനിമകളുടെ മികവിൽ ചെയ്തെടുത്ത ദൃശ്യഭം​ഗിയും അക്കാലത്തെ പ്രേക്ഷകരെ സിനിമയോട് അടുപ്പിച്ചില്ല.

പക്ഷെ, വേണ്ടത്ര സ്വീകാര്യത ലഭിക്കാതെ അന്ന് തീയറ്ററിൽ വിടേണ്ടി വന്ന ദേവദൂദനെ പ്രശംസിച്ച് പിന്നീട് ഒട്ടേറെപ്പേർ രംഗത്തെത്തി. ‘കാലം തെറ്റി പിറന്ന സിനിമ’ എന്ന വാചകം ‘ദേവദൂതനൊ’പ്പം എപ്പോഴും ചേർത്തുവെച്ചു. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമയ്ക്ക് പുതിയ തലമുറയിൽ ആരാധകരേറെയായി. ഇതോടെയാണ് പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രം നവീകരിച്ച് വീണ്ടും തീയറ്ററിലെത്തിക്കാൻ അണിയറക്കാർ തീരുമാനിക്കുന്നത്. ഒരിക്കൽക്കൂടി ‘ദേവദൂതൻ’ തിയേറ്ററിലേക്ക് എത്തിയപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം നേടാൻ ചിത്രത്തിനായി.

ജൂലൈ 26 ന് ആയിരുന്നു ചിത്രത്തിന്‍റെ റീ റിലീസ്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ഫോറം റീല്‍സിന്‍റെ കണക്ക് പ്രകാരം കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതിനകം നേടിയത് 4 കോടിക്ക് മുകളിലാണ്. മറ്റ് വിദേശ മാര്‍ക്കറ്റുകളിലെ കളക്ഷനും ചേര്‍ത്ത് ആകെ ആഗോള കളക്ഷന്‍ 5.2 കോടി. മലയാളസിനിമയുടെ ചരിത്രത്തിൽ ഇതുവരെ ഒരു റീറിലീസ് ചിത്രവും നേടാത്ത റെക്കോര്‍ഡ് കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ലാലിന്റെ വിശാൽ കൃഷ്ണമൂർത്തി എന്ന സംഗീതജ്ഞനും അയാളുടെ ഇൻട്രോ സോങ് ‘എന്തരോ മഹാനു…’ വിനും തീയറ്ററിൽ അമ്പരപ്പിക്കുന്ന കയ്യടി നേടാനായി. ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങിയ മറ്റ് പ്രധാനകഥാപാത്രങ്ങളും ചിത്രത്തിന്റെ രണ്ടാം വരവോടെ അം​ഗീകരിക്കപ്പെട്ടു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിച്ചത്. ഓഗസ്റ്റ് 17-ന് ‘മണിച്ചിത്രത്താഴി’ന്റെ ഫോര്‍ കെ റീമാസ്റ്റര്‍ ചെയ്ത പതിപ്പും റിലീസ് ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*