കോട്ടയം: വൻ തോതിൽ നികുതിവെട്ടിപ്പ് നടത്തിയ മൊബൈൽ വ്യാപാരി അറസ്റ്റിൽ. കോട്ടയം തിരുനക്കരയിലെ ലക്ഷ്മി മൊബൈൽസ് ഉടമയും കോട്ടയം തെക്കുംഗോപുരം സൗപർണികയിൽ വാടകയ്ക്കു താമസിക്കുന്നയാളുമായ രാജസ്ഥാൻ സ്വദേശി ബദാറാം (40) ആണ് അറസ്റ്റിലായത്. 6.14 കോടിയുടെ നികുതി വെട്ടിപ്പാണ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്.
കോട്ടയത്തെ സ്ഥാപനം കൂടാതെ തിരുവനന്തപുരത്ത് നാല് കടകളുള്ള ബദാറാം കുറെ നാളുകളായി ജിഎസ്ടി ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇയാളുടെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ന് നടന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 6.14 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടുതൽ വെട്ടിപ്പ് കണ്ടെത്താനായി പരിശോധന തുടരുന്നതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കേരളത്തിലെ മറ്റു ജില്ലകളിലും വൻകിട സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ മൊബൈൽ ഫോണുകളുടെ പാർട്സും അനുബന്ധസാമഗ്രികളും എത്തിച്ചു കൊടുക്കുന്നത് ബദാറാമാണ്. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ നവംബർ 27 വരെ റിമാൻഡ് ചെയ്തു. ജിഎസ്ടി ആലപ്പുഴ സ്ക്വാഡ് ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഓഫീസർമാരായ മഹേഷ്, സീമ, ശ്രീകാന്ത്, രാജഗോപാൽ, ബിജു തുടങ്ങിയവരും പങ്കെടുത്തു.
Be the first to comment