ആറ് യാക്കോബായ പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി; വീണ്ടും വാദം കേള്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: മലങ്കര സഭാ കേസിൽ തർക്കത്തിലുള്ള ആറ് പള്ളികൾ സർക്കാർ ഏറ്റെടുത്ത് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഈ വിഷയത്തിൽ വീണ്ടും വാദം കേൾക്കാനും ഹൈക്കോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. വാദം കേള്‍ക്കുമ്പോള്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ക്കും സുപ്രീം കോടതി രൂപം നല്‍കി.

എല്ലാവിഷയങ്ങളും പരിഗണിച്ച് ഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഉത്തരവ് നടപ്പാക്കാനുള്ള പ്രായോഗികവഴികള്‍ ഹൈക്കോടതി കണ്ടെത്തണം. ഉത്തരവ് പൊലീസ് സഹായത്തോടെ നടപ്പാക്കണമെന്ന് നിര്‍ദേശിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പള്ളി ഭരണം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കാന്‍ കോടതിക്ക് സാധിക്കുമോയെന്നും, മതവിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തില്‍ ഹൈക്കോടതി നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങള്‍ പൊതുതാത്പര്യത്തിന് യോജിച്ചതാണോ എന്നും പരിശോധിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.

തര്‍ക്കത്തിലുളള ആറ് പള്ളികളുടെ ഭരണം ഏറ്റെടുത്ത് ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് കോടതിയലക്ഷ്യഹര്‍ജികളില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയോട് നിര്‍ദേശിച്ചത്.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സികെ ശശി, അഭിഭാഷക മീന കെ പൗലോസ് എന്നിവര്‍ ഹാജരായി.

 

Be the first to comment

Leave a Reply

Your email address will not be published.


*