നിയമങ്ങൾ അനുസരിക്കാത്ത 6 വിപിഎൻ ആപ്പുകൾക്ക് പൂട്ടിട്ട് കേന്ദ്രം

ഇന്ത്യയിലെ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിപിഎൻ (Virtual Private Network) ആപ്പുകൾക്കെതിരെ കേന്ദ്ര സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചിരിക്കുന്നു. 2022 ലെ സൈബർ സുരക്ഷാ നിയമം അനുസരിച്ച് നിരവധി ജനപ്രിയ വിപിഎൻ ആപ്പുകൾ ആപ്ലിക്കേഷൻ സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കർശന നിരോധനം ഏർപ്പെടുത്തിയ വെബ്‌സൈറ്റുകളിലേക്ക് ഉപഭോക്താക്കള്‍ക്ക് പ്രവേശനം അനായാസമാക്കിയിരുന്ന വിപിഎന്‍ ആപ്ലിക്കേഷനുളാണ് ആപ്പിളും ഗൂഗിളും ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

2022 ലെ സൈബർ സുരക്ഷാ നിയമത്തിന്റെ ലക്ഷ്യം രാജ്യത്തെ സൈബർ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ഓൺലൈൻ സ്വകാര്യത സംരക്ഷിക്കുകയുമാണ്. എന്നാൽ വിപിഎൻ ആപ്പുകൾ ഉപയോക്താക്കളുടെ ഐപി അഡ്രസ് മറച്ചുവെച്ച് അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ അജ്ഞാതമാക്കുകയാണ്. ഇത് കാരണമാണ് 6 വിപിഎൻ ആപ്പുകൾക്ക് ഇപ്പോൾ പൂട്ട് വീഴുന്നത്.

നിയമം പാലിക്കാത്ത വിപിഎന്‍ ആപ്പുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇരു കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു എന്നാണ് ടെക്‌ക്രഞ്ചിന്‍റെ റിപ്പോര്‍ട്ട്. ക്ലൗ‌ഫ്ലെയറിന്‍റെ പ്രമുഖ 1.1.1.1 ആപ്പും ഹൈഡ്.മീയും പ്രിവഡോവിപിഎന്നും പിന്‍വലിക്കപ്പെട്ട വിപിഎന്‍ ആപ്ലിക്കേഷനുകളിലുണ്ട്.

നിയമം അനുസരിച്ച് വിപിഎൻ സേവന ദാതാക്കൾ ഉപയോക്താക്കളുടെ പേര്, വിലാസം, ഐപി അഡ്രസ് എന്നിവ അഞ്ച് വർഷത്തേക്ക് സൂക്ഷിക്കേണ്ടതാണ്. 2022 ൽ ഈ നിയമം പുറത്തിറക്കിയപ്പോൾ തന്നെ നോര്‍ഡ്‌വിപിഎന്‍, എക്‌സ്‌പ്രസ്‌വിപിഎന്‍, സര്‍ഫ്‌ഷാര്‍ക് തുടങ്ങിയ വിപിഎന്‍ കമ്പനികള്‍ ഇതിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം അന്ന് തന്നെ നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാകാത്ത വിപിഎന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*