വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്‌സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു

തിരുവനന്തപുരം: വിദേശത്ത് തൊഴില്‍തേടി പോയി, അനധികൃത അവധിയില്‍ തുടരുന്ന നഴ്‌സുമാരെ പിരിച്ചുവിട്ട് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ അഞ്ചുവര്‍ഷമായി ജോലിക്ക് എത്താത്ത 61 സ്റ്റാഫ് നഴ്‌സുമാരെയാണ് പിരിച്ചുവിട്ടത്.

വിവിധ മെഡിക്കല്‍ കോളജുകളില്‍ 216 നഴ്സുമാരാണ് അവധി എടുത്ത് ജോലിക്കെത്താതിരുന്നത്. ജോലിക്കെത്തിയില്ലെങ്കില്‍ അച്ചടക്കനടപടി സ്വീകരിക്കുമെന്നുകാട്ടി നേരത്തേ നോട്ടീസ് നല്‍കിയിരുന്നു. പുറത്താക്കിയ 61 പേര്‍ പ്രൊബേഷന്‍ പൂര്‍ത്തീകരിച്ചിരുന്നില്ല.

മുന്‍കാലങ്ങളില്‍ 20 വര്‍ഷംവരെ ശമ്പളമില്ലാ അവധിയെടുത്ത് വിദേശത്തും മറ്റും ജോലിചെയ്തശേഷം വിരമിക്കുന്നതിന് തൊട്ടുമുന്‍പ് സര്‍വീസില്‍ തിരിച്ചുകയറി പെന്‍ഷന്‍ വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ജോലിയില്‍ പരമാവധി അഞ്ചുവര്‍ഷമേ ശൂന്യവേതന അവധി എടുക്കാന്‍ സാധിക്കൂവെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

മുന്‍പ് ഡോക്ടര്‍മാരായിരുന്നു സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്കായി ഇങ്ങനെ അവധിയെടുത്ത് മുങ്ങിയിരുന്നത്. ഇങ്ങനെ 36 ഡോക്ടര്‍മാരെ ഈ മാസമാദ്യം പിരിച്ചുവിട്ടിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*