63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനം കിട്ടിയില്ലെന്ന് പറഞ്ഞ് വിദ്യാർത്ഥികളെ പ്രതിഷേധത്തിന് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ട്വന്റി ഫോറിനോട്. പ്രതിഷേധിക്കാൻ ആരും വരേണ്ട. കലോത്സവത്തിലെ മത്സരങ്ങൾ ജനാധിപത്യപരമായി എടുക്കണം. യുവജനമേളയുടെ അന്തസും ചന്തവും നശിപ്പിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങൾ നടത്താൻ അനുവദിക്കില്ല, കലോത്സവത്തിന് കളങ്കമുണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അച്ചടക്ക ലംഘനമായി കണക്കാക്കും പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
ജഡ്ജസിനെതിരെ പ്രതിഷേധം അനുവദിക്കില്ല. കുട്ടികളെ കൊണ്ടുവരുന്ന അധ്യാപകർക്ക് ഉത്തരവാദിത്വം ഉണ്ട്.സ്കൂൾ ഒളിമ്പിക്സിൽ ഉണ്ടായ സംഭവങ്ങൾ കലോത്സവവേദിയിൽ ആവർത്തിക്കരുത്. മികച്ച ജഡ്ജിംഗ് പാനൽ ആണ് ഉണ്ടാവുക മന്ത്രി പറഞ്ഞു.
ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുക. മേളയുടെ ഉദ്‌ഘാടനം ജനുവരി 4 നു രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്തി പിണറായി വിജയൻ നിർവ്വഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരവും വേദിയിൽ അവതരിപ്പിക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പതിനയ്യായിരം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ 10000 വിദ്യാർത്ഥികൾ പങ്കെടുക്കും.
Be the first to comment