പത്തു മാസത്തിനിടെ ഇന്ത്യയിൽ വാട്‌സ്ആപ്പ് നിരോധിച്ചത് ഏഴു കോടി അക്കൗണ്ടുകള്‍

2023 ജനുവരിക്കും നവംബറിനും ഇടയില്‍ ഇന്ത്യയിലെ ഏഴുകോടി അക്കൗണ്ടുകള്‍ നിരോധിച്ചെന്ന് വാട്‌സ്ആപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനധികൃത ടെലിമാര്‍ക്കറ്റിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വാട്‌സ്ആപ്പ് അന്വേഷിച്ചു വരികയാണ്. 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിന്റെ റൂള്‍ നാല് (1-ഡി) പാലിക്കാനായാണ് വാട്‌സ്ആപ്പ് അന്വേഷണം നടത്തിയത്.

ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാണ് വാട്‌സ്ആപ്പിന്റെ നിബന്ധനകള്‍ ലംഘിക്കുന്നതിന് എതിരായ നടപടി സ്വീകരിച്ചത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് ഒന്നിനും 31-നും ഇടയില്‍ 7,954,000 അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ 31 വരെ കമ്പനി 69,307,254 അക്കൗണ്ടുകള്‍ നിരോധിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വാട്ട്സ്ആപ്പ് 2,918,000 അക്കൗണ്ടുകള്‍ നിരോധിച്ചിരുന്നു. ഫെബ്രുവരിയില്‍ 4,59,400 അക്കൗണ്ടുകളും മാര്‍ച്ചില്‍ 4,715,906 അക്കൗണ്ടുകളും നിരോധിച്ചു. ഏപ്രില്‍-7,452,500 മെയ്-6,508,000, ജൂണ്‍-6,611,700, ജൂലൈ-7,228,000, ആഗസ്റ്റ് -7,420,748, സെപ്റ്റംബര്‍-71,11,000, ഒക്ടോബര്‍-7,548,000, നവംബര്‍-7,196,000 എന്നിങ്ങനെയാണ് നിരോധിച്ച അക്കൗണ്ടുകളുടെ കണക്ക്.

ഡിസംബറിലെ ഡാറ്റ ഉള്‍ക്കൊള്ളുന്ന പുതിയ റിപ്പോര്‍ട്ടില്‍ നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ഏഴുകോടി കവിയുമെന്നാണ് കരുതുന്നത്. കൂടാതെ, ഉപയോക്താക്കളില്‍ നിന്ന് എന്തെങ്കിലും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന് മുമ്പ് ഈ അക്കൗണ്ടുകളില്‍ രണ്ടു കോടിയിലധികം നിരോധിച്ചതായും വാട്‌സ്ആപ്പ് വ്യക്തമാക്കി. പ്രതിമാസ റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെ ഉപയോക്താക്കളില്‍ നിന്ന് 79,000 പരാതികള്‍ വാട്ട്സ്ആപ്പിന് ലഭിച്ചു. സുരക്ഷ ആശങ്കകള്‍ ഉള്‍പ്പെടെ പരാതികളാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തില്‍, വാട്‌സ്ആപ്പ് ആക്കൗണ്ടുകൾ നിരോധിക്കുകയും നിരോധിച്ച അക്കൗണ്ടുകള്‍ ആവശ്യമെങ്കിൽ പുനഃസ്ഥാപിക്കുകയും ചെയ്യാറുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*