നെല്ലുസംഭരണം സപ്ലൈകോ കർഷകർക്ക് നൽകാനുള്ളത് 8.60 കോടി

filed pic

കുമരകം ∙ പുഞ്ചക്കൃഷിയുടെ നെല്ലുസംഭരണം നടത്തിയ വകയിൽ സപ്ലൈകോ കർഷകർക്കു നൽകാനുള്ളത് 8.60 കോടി രൂപ. 1225 കർഷകരിൽ നിന്നു 3558 ടൺ നെല്ല് സംഭരിച്ചു. കർഷകർക്ക് ആകെ നൽകാനുള്ളത് 10.7 കോടി രൂപയാണ്. 215 കർഷകകർഷകകരിൽ നിന്നു സംഭരിച്ച 522 ടൺ നെല്ലിന്റെ തുകയായ 1.47 കോടി രൂപ മാത്രമാണു ഇതുവരെ സപ്ലൈകോ കർഷകർക്കു നൽകിയത്. നെല്ലുസംഭരണം ഊർജിതമായി നടക്കുമ്പോഴും അതനുസരിച്ചു കർഷകർക്കു പണം നൽകാൻ സപ്ലൈകോയ്ക്ക് കഴിയുന്നില്ല.

ജില്ലാ പാഡി മാർക്കറ്റിങ് ഓഫിസിൽ എത്തുന്ന കൈപ്പറ്റ് രസീത്(പിആർഎസ്) അനുസരിച്ചുള്ള പേയ്മെന്റ് ഓർഡർ കൊച്ചിയിലെ സപ്ലൈകോ കേന്ദ്ര ഓഫിസിലേക്ക് അയയ്ക്കുന്നുണ്ട്. എന്നാൽ, അവിടെ നിന്നു കർഷകർക്ക് അക്കൗണ്ടുള്ളബാങ്കുകളിലേക്കു പണം നൽകുന്നതിനു വേണ്ട നടപടി വൈകുന്നു. ബാങ്കുകളുടെ കൺസോർഷ്യത്തിലുള്ള 2 ബാങ്കുകൾ വഴിയാണു കർഷകർക്കു പണം നൽകുന്നത്.

നേരത്തെ ഒരു ബാങ്കു കൂടി കൺസോർഷ്യത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഈ ബാങ്ക് പണം നൽകാൻ കഴിയില്ലെന്ന് സപ്ലൈകോയെ അറിയിച്ചിരുന്നു. 2 ബാങ്ക് മാത്രം ഉള്ളതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം നൽകാൻ താമസം നേരിടുന്നു. ജില്ലാ പാഡി മാർക്കറ്റിങ് ഓഫിസിൽ നിന്നു അടുത്തഘട്ടം പണം നൽകാനുള്ള കർഷകരുടെ പേയ്മെന്റ് ഓർഡർ ഉടൻ അയയ്ക്കും. നെല്ല് സംഭരണത്തിനു 58 മില്ലുകളെ നിയോഗിച്ചിട്ടുണ്ടെങ്കിലും എല്ലാവരും നെല്ല് സംഭരണം നടത്താൻ തയാറായിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*