ഗൂഗിള്‍ പേ വഴി അക്കൗണ്ടില്‍ വന്നത് 80,000 രൂപ; തിരികെ നല്‍കി സിജു

തൃശൂര്‍: ഗൂഗിള്‍ പേ വഴി തന്റെ അക്കൗണ്ടില്‍ 80,000 രൂപ എത്തിയതു കണ്ട സിജു ആദ്യം ഒന്ന് അമ്പരന്നു. പിന്നേ നേരെ ബാങ്കിലെത്തി വിവരം പറഞ്ഞു. ചാലക്കുടി നഗരസഭയിലെ ശുചീകരണ ജീവനക്കാരനായ സിജുവിന്റെ സത്യസന്ധതയില്‍ പണം തിരിച്ചുകിട്ടിയത് ഒഡിഷയിലെ കുടുബത്തിന്. അതും മകളുടെ വിവാഹ ആവശ്യത്തിനുള്ള തുക.

അക്കൗണ്ടില്‍ പണം വന്നതായി മെസ്സേജ് കണ്ടപ്പോള്‍, വിആര്‍ പുരം സ്വദേശിയായ സിജു തനിക്ക് അക്കൗണ്ടുള്ള എസ്ബിഐ ശാഖയില്‍ എത്തുകയായിരുന്നു. പണം അയച്ച നമ്പറിലേക്ക് ബാങ്ക് അധികൃതര്‍ വിളിച്ച് വിവരം അറിയിച്ചപ്പോഴാണ്, ഒറീസയിലുള്ള ഒരു കുടുംബം, മകളുടെ വിവാഹവുമായ് ബന്ധപ്പെട്ട ആവശ്യത്തിന് മറ്റൊരാള്‍ക്ക് അയച്ച പണമാണെന്നും നമ്പര്‍ തെറ്റി സിജുവിന്റെ അക്കൗണ്ടിലേക്ക് വന്നതാണെന്നും മനസിലായത്.

പൈസ തെറ്റി അയച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്, ഒറീസയിലെ ബാങ്കില്‍ ചെന്ന് വിവരം അറിയിക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ അവര്‍ ബാങ്കില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് ഒഡിഷയിലെ ബാങ്ക് അധികൃതര്‍ ചാലക്കുടി എസ്ബിഐ ശാഖയെ വിവരം അറിയിക്കുകയായിരുന്നു.

അക്കൗണ്ട് വഴി പണം തിരിച്ച് അയച്ചാല്‍ മതിയെന്ന് സിജുവിനോട് മാനേജര്‍ പറഞ്ഞെങ്കിലും, ബാങ്ക് സമയം കഴിഞ്ഞതിനാല്‍ സാധിച്ചില്ല. അവധി ദിവസങ്ങള്‍ കഴിഞ്ഞ് ചൊവ്വാഴ്ച അക്കൗണ്ടിലൂടെ പണം തിരിച്ചയക്കുമെന്ന് സിജു അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*