സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മത്സരിക്കാന്‍ 84 പുതുമുഖ സംവിധായകരുടെ ചിത്രങ്ങൾ ; നടനുള്ള പോരാട്ടം മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍

കഴിഞ്ഞ വര്‍ഷത്തെ മികച്ച സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മത്സരിക്കുന്ന 160 സിനിമകളില്‍ 84 എണ്ണം പുതുമുഖ സംവിധായകരുടെത്. മികച്ച നടനുള്ള അവാര്‍ഡ് നേടാന്‍ മമ്മൂട്ടിയും പൃഥ്വിരാജും ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ ഭീഷണിയുമായി നിരവധി പുതുമുഖ നടന്‍മാരും രംഗത്തുണ്ട്. ഈ മാസം 20 നുള്ളില്‍ അവാര്‍ഡ് പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാദമി തീരുമാനം.

സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ കുറവുള്ള ഇത്തവണ മമ്മൂട്ടിയുടെ രണ്ടു സിനിമകളും മോഹന്‍ലാലിന്റെ ഒരു സിനിമയുമുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദി കോര്‍, റോബി വര്‍ഗീസ് രാജിന്റെ കണ്ണൂര്‍ സ്‌ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍. കാതല്‍ ദി കോറിലെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനമാണ് മമ്മൂട്ടിക്ക് പത്താമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുക്കുമെന്ന പ്രതീക്ഷ നല്‍കുന്നത്. ജിത്തു ജോസഫിന്റെ കോര്‍ട്ട് റൂം ഡ്രാമയായ നേര് ആണ് മോഹന്‍ലാലിന്റെ മത്സര ചിത്രം.

ഏതാണ്ട് പത്തുവര്‍ഷത്തോളം പ്രയത്നിച്ച് നിര്‍മിച്ച ബ്ലെസിയുടെ ആടുജീവിതത്തിലെ അഭിനയമാണ് പൃഥിരാജിനെ മത്സരത്തിന്റെ മുൻനിരയിലെത്തിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത, ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥന്‍, ഉര്‍വശിയും പാര്‍വതി തിരുവോത്തും മത്സരിച്ച് അഭിനയിച്ച ഉള്ളൊഴുക്ക് എന്നിവയും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനായി മാറ്റുരയ്ക്കുന്നു. ജൂറിയുടെ ആദ്യഘട്ട അവാര്‍ഡ് നിര്‍ണയ നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. മത്സരത്തിനുള്ള ആകെ സിനിമകളില്‍ നിന്നും 30 ശതമാനമാണ് രണ്ടാംഘട്ടത്തിലേക്കു കടക്കുന്നത്. അതില്‍ നിന്നുമാകും ജേതാക്കളെ തിരഞ്ഞെടുക്കുക.

അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാന്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ ഹിന്ദി സംവിധായകന്‍ സുധീര്‍ മിശ്രയാണ്. സംവിധായകന്‍ പ്രിയനന്ദനന്‍, സംവിധായകനും ഛായാഗ്രാഹകനുമായ അഴകപ്പന്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീത സംവിധായകന്‍ ശ്രീവത്സന്‍ ജെ മേനോന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരും ജൂറി അംഗങ്ങളാണ്.ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയുമായ ഡോ.ജാനകി ശ്രീധരന്‍ ആണ് രചനാവിഭാഗം ജൂറി ചെയര്‍പേഴ്‌സണ്‍.

ചലച്ചിത്രനിരൂപകനും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ഡോ. ജോസ് കെ മാനുവല്‍, എഴുത്തുകാരനും അധ്യാപകനുമായ ഡോ. ഒ കെ സന്തോഷ്, അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*