കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാൻ 85 ലാബുകൾ; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകൾ

കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകൾ ഇക്കാലയളവിൽ പരിശോധിച്ചു. കൈയെത്തും ദൂരത്തു ജലപരിശോധനാ ലാബുകളെത്തിയതോടെ ശുദ്ധജലത്തെക്കുറിച്ചുള്ള ആശങ്കകകളും ഇല്ലാതായിരിക്കുന്നു.

കിണറുകളിലും കുളങ്ങളിലുമുള്ള വെള്ളവും പൈപ്പ് വെള്ളവുമൊക്കെ ശുദ്ധമെന്നു പരിശോധിച്ച് ഉറപ്പിക്കാനാകുമെന്നതാണു ലാബുകളുടെ പ്രത്യേകത. സംസ്ഥാനത്തെ ജലഗുണനിലവാര പരിശോധന ലാബുകളിൽ 83 എണ്ണത്തിനും ദേശീയ ഗുണനിലവാര ഏജൻസിയായ എൻ.എ.ബി.എൽ-ന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2021-22 വർഷം 5,57,415 സാമ്പിളുകളും 2022-23 വർഷം 8,22,855 സാമ്പിളുകളുമാണ് ഈ ലാബുകളിൽ പരിശോധിച്ചത്. ഗ്രാമീണ മേഖലയിൽ യഥാക്രമം 5,22,003 സാമ്പിളുകളും നഗരങ്ങളിൽ 35,412 സാമ്പിളുകളും ആദ്യ വർഷം പരിശോധിച്ചു. തൊട്ടടുത്ത വർഷം 7.31 ലക്ഷം സാമ്പിളുകളും 90,942 സാമ്പിളുകളും പരിശോധനയ്ക്കായി ലാബുകളിൽ എത്തി.

കണ്ണൂർതൃശൂർകോഴിക്കോട് ജില്ലാ ലാബുകളിലാണ് ഏറ്റവും കൂടുതൽ ജല സാമ്പിളുകൾ ഗുണനിലവാര പരിശോധനയ്ക്ക് എത്തുന്നത്. IS 3025 അടിസ്ഥാനമാക്കിയുള്ള പരിശോധനയാണ് എല്ലാ ലാബുകളിലും നടക്കുന്നത്.

ഉപഭോക്താക്കൾക്ക് ജലഗുണനിലവാര പരിശോധന ഓൺലൈൻ വഴി നിർവഹിക്കാനുള്ള സൗകര്യം ജല അതോറിറ്റി സജ്ജമാക്കിയിട്ടുണ്ട്. qpay.kwa.kerala.gov.in ൽ പണമടച്ച്,  കുടിവെള്ള സാമ്പിൾ അതതു ലാബുകളിൽ എത്തിച്ചാൽ സാമ്പിൾ പരിശോധിച്ച് ഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവിധ പരിശോധനയ്ക്കുള്ള ഗാർഹിക നിരക്കുകൾ 50 രൂപ മുതൽ 250 രൂപ വരെയാണ്. ഗാർഹികേതര നിരക്കുകൾ 100 മുതൽ 500 രൂപ. മൂന്നോ അതിൽ കുറവോ പാരാമീറ്ററുകളാണ് പരിശോധിക്കുന്നതിൽ 100 രൂപ അധികം ഈടാക്കും. ഇരുവിഭാഗത്തിലും പരിശോധകളുടെ പാക്കേജുകളും ലഭ്യമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*