കോവളവും സമീപ ബീച്ചുകളുടെയും നവീകരണത്തിന് 93 കോടിയുടെ പ്രത്യേക പദ്ധതി

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചായ കോവളവും ചേര്‍ന്നുളള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പ് വരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള ബീച്ചുകളില്‍ പേരുകേട്ടതാണ് തലസ്ഥാന നഗരിയിലെ കോവളം ബീച്ച്. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ജനപ്രിയമാണ്. കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നത് ലക്ഷ്യമിട്ട് രണ്ട് ഘട്ടമായിട്ടാണ് നവീകരണ പ്രവൃത്തികള്‍ നടക്കുക.

ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേയ്ക്കുള്ള യാത്രാ സൗകര്യം,  ഐബി ബീച്ചിലേയ്ക്കുള്ള യാത്രാ സൗകര്യ വികസനം, ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍ തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യ ഘട്ടത്തില്‍  നടക്കുക. 

ഐബി ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം,  തെങ്ങിന്‍ തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി നടക്കുക. കിഫ്ബി തയ്യാറാക്കി സമര്‍പ്പിച്ച 93 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായി വാപ്‌കോസ് (WAPCOS)നെ ചുമതലപ്പെടുത്താനും  മന്ത്രിസഭാ യോഗം അനുമതി നല്‍കി.

Be the first to comment

Leave a Reply

Your email address will not be published.


*