ജില്ലാ കൃഷിത്തോട്ടത്തിന്റെ ഉത്പന്നങ്ങൾ ഇനി മുതൽ ആമസോണിലും

കോട്ടയം: ജില്ലാ കൃഷിത്തോട്ടത്തിന്റെ ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈൻ വ്യാപാരസൈറ്റായ ആമസോണിലും ലഭിക്കും. കൃഷി വകുപ്പിന്റെ ഉത്പന്നങ്ങൾ വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഉത്പന്നങ്ങൾ ആമസോണിൽ ലഭ്യമാക്കുന്നത്.

കോഴാ ഫാം ഫ്രഷ് എന്ന ബ്രാൻഡിൽ 10 അലങ്കാര ചെടികളാണ് ആദ്യഘട്ടമായി ആമസോണിൽ വിൽപന നടത്തുന്നത്. അഗ്ലോണിമ, ലിയ കോക്സീനിയ റുബ്ര, ഈസ്റ്റർ ലില്ലി കാക്റ്റസ്, ബോഗേൺവില്ല, അരേലിയ വെരിഗേറ്റഡ്, അലോക്കേഷ്യ, പെഡിലാന്തസ് നാനാ വെരിഗേറ്റ, ഫൈക്കസ് ട്രയാഗുലാരിസ് വെരിഗേറ്റ, കിവി, ടിഐ പ്ലാന്റ് എന്നിവയാണ് വിൽപന നടത്തുന്നത്. 180 രൂപ മുതലാണ് വില.

കോഴാ ഫാമിൽ ഉത്പാദിപ്പിക്കുന്ന ചെടികളും തൈകളും ഫാമിന്റെ കൗണ്ടറിലൂടെയോ കൃഷിഭവൻ മുഖേനയോ ആണ് വിപണനം നടത്തിയിരുന്നത്. ആമസോണിൽ വിൽപന ആരംഭിച്ചതോടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ളവർക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കാനാകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ് പറഞ്ഞു. ഫ്ളിപ്കാർട്ടിലും ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*