തുർക്കി-സിറിയ ഭൂകമ്പം: ദുരിതാശ്വാസ പ്രവർത്തകരുമായി ഇന്ത്യയുടെ സി-17 വിമാനം തുർക്കിയിൽ

ഭൂചലനം നാശം വിതച്ച തുർക്കിയിലും സിറിയയയിലും സഹായം എത്തിയ്ക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ഊർജ്ജിതമാക്കിയിരിക്കുകയാണ്. തുർക്കിയിലേക്ക് ഇന്ത്യൻ ദുരിതാശ്വാസ സംഘം എത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യയുടെ രണ്ടാമത്തെ വിമാനവും പുറപ്പെടാൻ സജ്ജമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു.

പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡുകൾ, ഡ്രില്ലിംഗ് മെഷീനുകൾ, ദുരിതാശ്വാസ ഉപകരണങ്ങൾ, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കൊപ്പം 50ലധികം സെർച്ച് ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരുമായി ആദ്യത്തെ ഇന്ത്യൻ സി 17 വിമാനം തുർക്കിയിലെത്തി. മേഖലയിലെ ദുരിതബാധിതർക്ക് വൈദ്യസഹായം നൽകുന്നതിനായി ഇന്ത്യൻ സൈന്യം ഒരു ഫീൽഡ് ഹോസ്പിറ്റൽ സംഘത്തേയും അണിനിരത്തിയിട്ടുണ്ട്.

ആഗ്ര ആസ്ഥാനമായുള്ള ആർമി ഫീൽഡ് ഹോസ്പിറ്റൽ ക്രിട്ടിക്കൽ കെയർ സ്‌പെഷ്യലിസ്റ്റുകൾ അടങ്ങുന്ന 89 അംഗ മെഡിക്കൽ ടീമിനെ അയച്ചിട്ടുണ്ട്. ഒരു ഓർത്തോപീഡിക് സർജിക്കൽ ടീമും ഒരു ജനറൽ സർജിക്കൽ ടീമും മെഡിസിൻ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു ടീമും തുർക്കിയിൽ എത്തിയിട്ടുണ്ട്. എക്‌സ്-റേ മെഷീനുകൾ, വെന്റിലേറ്ററുകൾ, ഓക്‌സിജൻ ജനറേഷൻ പ്ലാന്റ്, കാർഡിയാക് മോണിറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് 30 കിടക്കകളുള്ള മെഡിക്കൽ സൗകര്യം സ്ഥലത്ത് സ്ഥാപിക്കാൻ ടീം സജ്ജമാണ്. 

Be the first to comment

Leave a Reply

Your email address will not be published.


*